കൃഷി ആവശ്യത്തിന് ബാങ്ക് വായ്പ കിട്ടിയില്ല; കുട്ടനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

 കൃഷി ആവശ്യത്തിന് ബാങ്ക് വായ്പ കിട്ടിയില്ല; കുട്ടനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ആലപ്പുഴ: കുട്ടനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി പ്രസാദാണ് (55) ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്.

കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ തകര്‍ന്ന് പോയ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിആര്‍എസ് കുടിശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടയ്ക്കുമെന്നുമായിരുന്നു മന്ത്രിമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് തന്റെ സങ്കടങ്ങള്‍ കരഞ്ഞ് പറഞ്ഞതിന് ശേഷമാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ഈ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്നാണ് മരണം ആത്മഹത്യയാണെന്ന് വ്യക്തമായത്.

നെല്‍ കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന അവകാശവാദത്തില്‍ കഴമ്പില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. മനസാക്ഷിയില്ലാത്ത അധികൃതരുടെ ക്രൂരതയ്ക്കിരയായി നഷ്ടമായത് നിരവധി കര്‍ഷക ജീവനുകളാണ്. നെല്ലുവില മുഴുവനായും കിട്ടാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ അമ്പലപ്പുഴ വടക്ക് വണ്ടാനം നീലക്കാട്ട് ചിറയില്‍ കെ.ആര്‍ രാജപ്പന്‍ എന്ന നെല്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടക്കിയ സംഭവമായിരുന്നു. ഇപ്പോള്‍ വീണ്ടും മറ്റൊരു ജവന്‍കൂടി പൊലിഞ്ഞിരിക്കുന്നു.

സര്‍ക്കാരിന്റെ നിലപാടുകള്‍ മാറ്റിയാല്‍ ഒഴിവാക്കാവുന്നതേയുള്ളു ഈ കര്‍ഷക ആത്മഹത്യകള്‍. നെല്‍ സംഭരിച്ചതിനുള്ള പണം തടസമില്ലാതെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നുണ്ടെന്നാണ് കൃഷിമന്ത്രി പറയുന്നത്. ഇനിയും കര്‍ഷകരുടെ ജീവന്‍ പൊലിയാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ നെല്‍പാടത്തെ ആശങ്കയുടെ യഥാര്‍ഥ്യം തിരിച്ചറിയണം. കര്‍ഷകന്റെ കൂലി വരമ്പത്ത് നല്‍കാന്‍ പറ്റിയില്ലെങ്കിലും പണം നല്‍കുമെന്ന ഉറപ്പില്‍ ഇനിയൊരു പതര്‍ച്ച ഉണ്ടാവാതെ നോക്കണം.

നടന്‍ ജയസൂര്യ രണ്ടു മന്ത്രിമാരുടെ മുഖത്തുനോക്കി പറഞ്ഞത് ഓണമുണ്ണാന്‍ പണമില്ലാതെ കഴിയുന്ന നെല്‍കര്‍ഷകരുണ്ട് എന്നാണ്. അത് ഒരു വ്യക്തിയിലേക്ക് ചുരുക്കി സര്‍ക്കാരും മന്ത്രിയും പ്രതിരോധിച്ചപ്പോള്‍ മരുന്നു വാങ്ങാന്‍ പോലും ഗതിയില്ലാതെ, വിറ്റ നെല്ലിന്റെ കാശ് കിട്ടാതെ കഴിയുന്ന നെല്‍കര്‍ഷകരുടെ വേദനയും ആശങ്കയും ബോധപൂര്‍വം മറക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും അപ്പര്‍കുട്ടനാടിന്റെ ഭാഗമായ നിരണത്ത് 52 കാരന്‍ രാജീവ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. കര്‍ഷകരെ കടക്കെണിയില്‍ നിന്നു രക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും എങ്ങുമെത്തിയില്ല എന്നതിന്റെ തെളിവാണ് പ്രസാദിന്റെ ആത്മത്യ.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സിവില്‍ സപ്ലൈസ് നെല്ല് സംഭരിക്കാനാരംഭിച്ചത്. ഏഴ് മാസമായിട്ടും കര്‍ഷകര്‍ കടം വാങ്ങി കൃഷിയിറക്കിയ വിളവിന് വില നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. ചെറിയ തുക വീതിച്ചു നല്‍കി ബാക്കി ഉടനെ കിട്ടുമെന്ന പ്രതീതി ജനിപ്പിക്കുക മാത്രമാണ് നടക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
കുട്ടനാട്ടില്‍ ഇനിയും 24.44 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുണ്ടെന്നാണ് അധികൃതര്‍ തന്നെ നല്‍കുന്ന വിശദീകരണം. എന്നാല്‍ 50,000 രൂപയ്ക്ക് താഴെ കൊടുക്കാനുള്ളവര്‍ക്കാണ് പണം മുഴുവന്‍ ലഭിച്ചതെന്നും മൂന്നും നാലും ലക്ഷം രൂപ കിട്ടേണ്ടവര്‍ക്ക് പകുതി പോലും ലഭിച്ചിട്ടില്ലെന്നും കര്‍ഷകരും പറയുന്നു.

ബാങ്കില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് പല കര്‍ഷകരും. വിറ്റ നെല്ലിന്റെ പണം കിട്ടാന്‍ വൈകിയാല്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല. വലിയ സാമ്പത്തിക മെച്ചമൊന്നും ആഗ്രഹിച്ചല്ല കര്‍ഷകര്‍ പാടത്ത് കൃഷിയിറക്കിയതും വിളകൊയ്യുന്നതും. പലര്‍ക്കും പരമ്പരാഗതമായി കിട്ടിയ പാടത്താണ് കൃഷിയിറക്കുന്നത്. ചിലര്‍ പാട്ടത്തിനെടുത്തും വിത്തിടും. മണ്ണിനെയും കൃഷിയെയും ജീവിതതാളമായി കണ്ട നെല്‍കര്‍ഷകര്‍ അതിജീവനത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ഇതിനിടെയാണ് സംഭരണത്തിന്റെ അനിശ്ചിതത്വം നെല്‍കര്‍ഷകരെ ഓരോ വര്‍ഷവും തീ തീറ്റിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.