മ്യാന്‍മറിലും കൂട്ടപ്പലായനം; സൈന്യവും സായുധ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുടിയിറക്കപ്പെട്ടത് 90,000 പേര്‍

മ്യാന്‍മറിലും കൂട്ടപ്പലായനം; സൈന്യവും സായുധ സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുടിയിറക്കപ്പെട്ടത് 90,000 പേര്‍

യാങ്കൂണ്‍: മ്യാന്‍മറില്‍ സൈന്യവും വിമത സായുധ സേനകളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ 90,000ത്തിലധികം ജനങ്ങള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ. ഷാന്‍ സംസ്ഥാനത്താണ് ഏറ്റുമുട്ടല്‍ രൂക്ഷം. മ്യാന്മറിലെ ഏറ്റവും ശക്തരായ 'ത്രീ ബ്രദര്‍ഹുഡ് അലയന്‍സ്' എന്ന സായുധ സഖ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡസനോളം സൈനിക ഔട്ട് പോസ്റ്റുകള്‍ ആക്രമിച്ചത്. താങ് നാഷണല്‍ ലിബറേഷന്‍ ആര്‍മി, അരാകാന്‍ ആര്‍മി, മ്യാന്‍മര്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് ആര്‍മി (എംഎന്‍ഡിഎഎ) എന്നിവ ഉള്‍പ്പെടുന്ന തീവ്രവാദ സംഘടനകളുടെ സഖ്യമാണ് ത്രീ ബ്രദര്‍ഹുഡ് അലയന്‍സ്'.

വടക്കന്‍ ഷാനില്‍ നിന്ന് 50,000 പേര്‍ നിര്‍ബന്ധിത പലായനത്തിന് വിധേയരായതായി യുണൈറ്റഡ് നേഷന്‍സ് ഓഫിസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒസിഎച്ച്എ) പറഞ്ഞു. ഈ മാസം തുടക്കത്തില്‍ സഗയിങ് പ്രദേശത്തു നിന്നും കച്ചിന്‍ സംസ്ഥാനത്തു നിന്നുമായി 40,000 ആളുകള്‍ കുടിയിറക്കപ്പെട്ടുവെന്ന് ഒസിഎച്ച്എ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 26ന് ആരംഭിച്ച സംഘര്‍ഷങ്ങളെ തുടര്‍ന്ന് പലായനം ചെയ്യേണ്ടി വന്ന ജനങ്ങള്‍ വിവിധ ആരാധനാ കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുകയാണെന്ന് ഒസിഎച്ച്എ അറിയിച്ചു. ഗതാഗതവും ആശയവിനിമയ സേവനങ്ങളും മുടങ്ങിയതോടെ മാനുഷിക സഹായം എത്തിക്കാന്‍ തടസമുണ്ടെന്നും ഏജന്‍സി പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് ത്രീ ബ്രദര്‍ഹുഡ് അലയന്‍സ് വടക്കന്‍ ഷാനിലെ സൈനിക ഔട്ട്പോസ്റ്റുകളില്‍ ആക്രമണം നടത്തിയിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിലെ ചിന്‍ ഷ്വെ ഹോ പട്ടണം ഇവര്‍ പിടിച്ചെടുക്കുകയും ചെയ്തു.

2021 ഫെബ്രുവരിയില്‍ ആങ് സാന്‍ സൂചി സര്‍ക്കാരില്‍ നിന്ന് ഭരണം പിടിച്ചെടുത്ത സൈന്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്.

ചൈനയ്ക്ക് വലിയ സൈനിക-നയതന്ത്ര താല്‍പര്യങ്ങളുള്ള രാജ്യമാണ് മ്യാന്മര്‍ എന്നതിനാല്‍ അതിര്‍ത്തി മേഖലകളിലെ സംഘര്‍ഷം കൈകാര്യം ചെയ്യണമെന്ന് അവര്‍ സൈനിക ഭരണകൂടത്തോട് നിര്‍ദേശിച്ചതായാണ് വിവരം. മ്യാന്മര്‍ ആയുധം വാങ്ങുന്നത് ചൈനയില്‍ നിന്നാണ്. മ്യാന്മറിലെ ഊര്‍ജമേഖലയില്‍ ചൈന വന്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.