ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ടണല്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആറംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ രണ്ട് ദിവസം വേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഉത്തരകാശി ജില്ലയില്‍ ചാര്‍ധാം ഓള്‍വെതര്‍ ഹൈവേ പദ്ധതിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരുഭാഗം ഞായറാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീഴുകയായിരുന്നു. നാല്‍പ്പത് തൊഴിലാളികളാണ് ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) അടക്കം 150ലധികം ഉദ്യോഗസ്ഥര്‍ രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, ബീഹാര്‍ സ്വദേശികളാണ് കുടുങ്ങിയവരിലേറെയും. ഇന്നലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ടണലിന്റെ പ്രവേശന കവാടത്തില്‍ നിന്ന് 60 മീറ്റര്‍ ദൂരെയാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി 900 എംഎം വ്യാസമുള്ള സ്റ്റീല്‍ പൈപ്പുകള്‍ എത്തിച്ചിട്ടുണ്ട്. തൊഴിലാളികളെ പൈപ്പുകളിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.
വാക്കി ടോക്കി ഉപയോഗിച്ച് കഴിഞ്ഞ ദിവസം തൊഴിലാളികളുമായി അധികൃതര്‍ ആശയ വിനിമയം നടത്തിയിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണവും ഓക്സിജനും പൈപ്പിലൂടെ എത്തിക്കുകയും ചെയ്തിരുന്നു. മണ്ണും ചെളിയും വീണ്ടും വീഴുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.