വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ''ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്'' നാളെ മുതല്‍ കേരളത്തിലെ തീയേറ്ററുകളില്‍

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ''ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്'' നാളെ മുതല്‍ കേരളത്തിലെ തീയേറ്ററുകളില്‍

കൊച്ചി: മധ്യപ്രദേശിലെ അശരണര്‍ക്കായി സ്വജീവിതം ബലി കഴിച്ച വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ''ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്'' നാളെ മുതല്‍ കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ഒരുങ്ങിയ ബോളിവുഡ് ചിത്രമാണ് 'ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്'.

വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറുന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നവംബര്‍ 20 ന് ഇറ്റാലിയന്‍ സബ്‌ടൈറ്റിലോടുകൂടി മാര്‍പാപ്പയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിന്റെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സിറോ മലബാര്‍ സഭ കഴിഞ്ഞ ദിവസം ആദരം നല്‍കിയിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കവെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ചിത്രം റോമില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്.


1995 ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളിയായ സിസ്റ്റര്‍ റാണി മരിയയുടെ ബയോപിക് ആയ ചിത്രം ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ രാണ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ജയപാല്‍ അനന്തന്‍ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാന്‍ മഹേഷ് ആനെ ചായാഗ്രാഹണവും നിര്‍വഹിച്ചിരിക്കുന്നു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ച രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റര്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും പ്രശസ്തനായ അല്‍ഫോണ്‍സ് ജോസഫ് ആണ്. നിര്‍മ്മാണ നിര്‍വഹണം ഷാഫി ചെമ്മാടും.

ചുരുങ്ങിയ കാലംകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിന്‍സി അലോഷ്യസാണ് സിസ്റ്റര്‍ റാണി മരിയയെ അവതരിപ്പിക്കുന്നത്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നായിക വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷൈസണ്‍ പി. ഔസേപ്പിന് മികച്ച നവാഗത സംവിധായകനുമുള്ള അവാര്‍ഡും ലഭിച്ചിരുന്നു. പാരീസ് സിനി ഫിയസ്റ്റയില്‍ ബെസ്റ്റ് വുമന്‍സ് ഫിലിം പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഹ്യൂമന്‍ റൈറ്‌സ് ഫിലിം പുരസ്‌കാരവും നേടിയത് ഉള്‍പ്പെടെ മുപ്പതിലധികം രാജ്യാന്തര പുരസ്‌കാരങ്ങള്‍ ചിത്രം കരസ്ഥമാക്കി.


ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിച്ച സമയത്ത് വിന്‍സിയുടെ പ്രകടനത്തെ അദേഹം പ്രശംസിച്ചിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്, കാണുന്നവരുടെ ഹൃദയത്തില്‍ ചിത്രം ആഴത്തില്‍ പതിയുമെന്നാണ്.

കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുടെ പേര് വിവരം ചുവടെ ചേര്‍ക്കുന്നു:

തിരുവനന്തപുരം - ശ്രീ, പി. വി. ആര്‍ ലുലു
കൊല്ലം - ജി മാക്‌സ്
കോട്ടയം - ആശ
ചങ്ങനാശേരി - അനു
ആലപ്പുഴ - ശ്രീ
പാലാ - ജോസ്
പാലാ- പുത്തേറ്റ്
മുണ്ടക്കയം- ആര്‍. ഡി സിനിമ
കോതമംഗലം - ആന്‍
തൊടുപുഴ- ആശീര്‍വാദ്
എര്‍ണാകുളം- സംഗീത, പി. വി. ആര്‍ ലുലു
തൃശൂര്‍ - ഇനോക്‌സ് ശോഭാസിറ്റി, ജോസ്
ഇടപ്പള്ളി - വനിത
ആലുവ - സീനത്ത്
പെരുമ്പാവൂര്‍ - ഇ. വി. എം. സിനിമ
ചാലക്കുടി - സുരഭി
ഇരിഞ്ഞാലക്കുട- ചെമ്പകശേരി
മഞ്ഞപ്ര - ഫോര്‍ സ്റ്റാര്‍
കോഴിക്കോട്- ശ്രീ, സിനെപൊളിസ്
തലശേരി - ലിബര്‍ട്ടി
കണ്ണൂര്‍ - സമുദ്ര
സുല്‍ത്താന്‍ ബത്തേരി - അതുല്യ
മാനന്തവാടി- ജോസ്
പേരാവൂര്‍ - ഓറ
ആലക്കോട് - ഫിലിംസിറ്റി
ഉളിക്കല്‍ - എസ്.ജി സിനെമാസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.