ഗാസയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന യു.എന്‍ പ്രമേയം ഇസ്രയേല്‍ തള്ളി
ടെല്‍ അവീവ്: ഗാസയിലെ ആശുപത്രികളും സ്‌കൂളുകളും ഹമാസ് ആയുധ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന ആരോപണങ്ങള്‍ക്ക് തെളിവുകള്‍ പുറത്തു വിട്ട് ഇസ്രയേല്‍ സൈന്യം.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയിലെ ദൃശ്യങ്ങളാണ് ഇസ്രയേല്‍ പുറത്തു വിട്ടത്. ആശുപത്രിക്കകത്തെ ഹാമാസിന്റെ ആയുധ ശേഖരവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തു.
ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ആശുപത്രി ജീവക്കാരെ ചോദ്യം ചെയ്യുകയാണ്. ഹമാസിന്റെ ഹൃദയമാണ് അല്‍ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേല്‍ ആരോപണം. ആശുപത്രിക്കുള്ളിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാനും ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 50 ബന്ദികളെ വിട്ടയക്കാനും മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുമായുള്ള ചര്‍ച്ചക്കുശേഷമാണ് ഖത്തറിന്റെ നീക്കം.
അതേസമയം ഗാസയിലെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം അഞ്ച് ദിവസത്തേയ്ക്ക് നിര്‍ത്തി വെച്ചാല്‍ ബന്ദികളില്‍ 70 സ്ത്രീകളെയും കുട്ടികളെയും വിട്ടയയ്ക്കാമെന്ന് ഹമാസിന്റെ സായുധ സംഘമായ അല്‍ കസം ബ്രിഗേഡ്സ് ഖത്തറിനെ അറിയിച്ചിട്ടുണ്ട്.
ബന്ധികളാക്കപ്പെട്ട കുട്ടികളെ ഇരുരാജ്യങ്ങളും തമ്മില്‍ കൈമാറാനുള്ള തീരുമാനം ഇസ്രയേലും ഹമാസും പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ധാരണയായിട്ടില്ലെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതിനിടെ ഗാസയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി പാസാക്കി. മാള്‍ട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യു.കെ, യു.എസ്, റഷ്യ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പ്രമേയം ഇസ്രയേല്‍ തള്ളി.
ഹമാസ് തടവിലാക്കിയ മുഴുവന്‍ ബന്ദികളെയും പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നുമായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്.
എന്നാല്‍ ഗാസയില്‍ ആക്രമണം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കുന്നത് വരെ ഗാസയിലെ ഇസ്രയേല്‍ ആക്രമണം തുടരും. ഇസ്രയേലികളെ കൊല്ലാനുള്ള ഹമാസിന്റെ ശേഷി ഇല്ലാതായാല്‍ അപ്പോള്‍ ആക്രമണം നിര്‍ത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.