കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പല വിഷയങ്ങളിലും ധാരണയിലെത്താനായെങ്കിലും തായ് വാന്‍ പ്രശ്‌നം ഇരുവര്‍ക്കുമിടയില്‍ കല്ലുകടിയായി തുടരുകയാണ്. കൂടാതെ ഷീ ജിന്‍ പിങ് സ്വേച്ഛാധിപതിയാണെന്ന യോഗ ശേഷമുള്ള ബൈഡന്റെ പരാമര്‍ശവും വിവാദമായിട്ടുണ്ട്.
'ഞങ്ങളുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സര്‍ക്കാരിനെ അടിസ്ഥാനമാക്കിയുള്ള ഒരു കമ്മ്യൂണിസ്റ്റ് രാജ്യം ഭരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദേഹം സ്വേച്ഛാധിപതിയാണ്' എന്നായിരുന്നു ബൈഡന്റെ പ്രതികരണം. മുന്‍പ് ഒരിക്കല്‍ ബൈഡന്റെ ഭാഗത്തു നിന്ന് ഇതേ പരാമര്‍ശമുണ്ടായപ്പോള്‍ ചൈന അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ വര്‍ധിക്കുന്ന അസ്വാരസ്യങ്ങള്‍ തണുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ഷി ജിന്‍പിങ്ങും ജോ ബൈഡനും കാലിഫോര്‍ണിയ കോസ്റ്റിലെ ഫിലോളി എസ്റ്റേറ്റില്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്തോനേഷ്യയിലെ ബാലിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ജി 20 ഉച്ചകോടിക്ക് ശേഷം ആദ്യമായി നടക്കുന്ന കൂടിക്കാഴ്ചയെ വളരെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്.
അമേരിക്ക-ചൈന ബന്ധത്തെ ഒരു സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ കാരണമായേക്കാവുന്ന തായ് വാന്‍ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ബൈഡനും ഷിക്കും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലും സാധിച്ചിട്ടില്ല.
തായ് വാന് യു.എസ് ആയുധം നല്‍കുന്നത് നിര്‍ത്തി ചൈനയുടെ സമാധാനപരമായ പുനരേകീകരണത്തെ പിന്തുണയ്ക്കണമെന്ന ഷിയുടെ ആവശ്യം തള്ളിയ ബൈഡന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനായി തായ് വാനുള്ള ആയുധ വിതരണം അമേരിക്ക തുടരുമെന്നും വ്യക്തമാക്കി. കൂടാതെ തായ് വാന്‍ തിരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ ഉണ്ടാകില്ലെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായും ഷിയെ അറിയിച്ചുവെന്ന് ബൈഡന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2022 ഓഗസ്റ്റില്‍ അമേരിക്കന്‍ ജനപ്രധിനി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ് വാന്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ സൈനിക ബന്ധം തുടരാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ആശയ വിനിമയം പുനരാരംഭിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
അമേരിക്കയുടെ പ്രധാന വെല്ലുവിളികളില്‍ ഒന്നായ ഒപിയോയിഡ് ഫെന്റനൈല്‍ എന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ കയറ്റുമതി ചൈന തടയുമെന്ന് ഷി ഉറപ്പ് നല്‍കി. ജീവിതങ്ങള്‍ രക്ഷിക്കാന്‍ കഴിയുന്ന നീക്കമാണെന്നും അതിന് ഷി കാണിച്ച പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായും ബൈഡന്‍ പറഞ്ഞു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയിലാകെ വ്യാപിക്കാതിരിക്കാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ബൈഡന്‍ ഷിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഉക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് ഒരിക്കലും ചൈനയുടെ സൈനിക പിന്തുണ നല്‍കരുതെന്നും അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.
യോഗത്തെക്കുറിച്ചുള്ള ചൈനയുടെ വിശദീകരണമനുസരിച്ച് രാജ്യത്തിന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ നീക്കാനും സെന്‍സിറ്റീവ് ഉപകരണങ്ങള്‍ക്കുള്ള കയറ്റുമതി നിയന്ത്രണങ്ങളിലെ നയങ്ങള്‍ മാറ്റാനും ഷി ജിന്‍ പിങ് ബൈഡനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബൈഡന്‍ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
അപെക് (ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ആറ് വര്‍ഷത്തിനു ശേഷം ഷീ അമേരിക്കയിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.