മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ അക്രമം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ അക്രമം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ അക്രമം. ഭിന്ദിലും മൊറേനയിലുമാണ് വോട്ടെടുപ്പിനിടെ അക്രമമുണ്ടായത്. ഭിന്ദിലെ മെഹ്ഗാവ് അസംബ്ലി മണ്ഡലത്തിലെ മന്‍ഹാദ് ഗ്രാമത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് ശുക്ലയ്ക്ക് നിസാര പരിക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതെ നിയന്ത്രിച്ചത്. കല്ലേറില്‍ സ്ഥാനാര്‍ത്ഥിയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ രാകേഷ് ശുക്ലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു. മൊറേന ജില്ലയിലെ മിര്‍ഘാനിലെ ദിമാനി നിയമസഭാ മണ്ഡലത്തിലെ 147, 148 എന്നീ പോളിംഗ് ബൂത്തുകളിലും കല്ലേറുണ്ടായി.

രണ്ട് സംഘങ്ങള്‍ പരസ്പരം കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എങ്കിലും സ്ഥിതി നിയന്ത്രണവിധേയമായതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഝബുവ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ബജെ പി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പില്‍ ഗുണ്ടാരാജാണ് നടക്കുന്നത് എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ കമല്‍ നാഥിന്റെ മകനും കോണ്‍ഗ്രസ് എംപിയുമായ നകുല്‍ നാഥിനെ ചിന്ദ്വാരയിലെ ബരാരിപുരയിലെ പോളിംഗ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ബിജെപി അംഗങ്ങള്‍ തടഞ്ഞു. 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴിനാണ് ് ആരംഭിച്ചത്. വൈകുന്നേരം ആറ് വരെ വോട്ടെടുപ്പ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നക്‌സലൈറ്റ് ബാധിത പ്രദേശങ്ങളായ ബാലാഘട്ട്, മണ്ഡ്‌ല, ദിന്‍ഡോരി എന്നിവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും മറ്റെല്ലായിടത്തും വൈകുന്നേരം ആറിനും വോട്ടെടുപ്പ് അവസാനിക്കും. 230 നിയോജക മണ്ഡലങ്ങളിലും വന്‍തോതില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.