'റോബിന്‍' വീണ്ടും ഓടിത്തുടങ്ങി; തടയിടാന്‍ എംവിഡിയുടെ പിഴ ചുമത്തില്‍

 'റോബിന്‍' വീണ്ടും ഓടിത്തുടങ്ങി; തടയിടാന്‍ എംവിഡിയുടെ പിഴ ചുമത്തില്‍

പത്തനംതിട്ട: റോബിന്‍ ബസിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. സര്‍വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് എംവിഡിയുടെ നടപടി. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് രാവിലെ അഞ്ചിനാണ് ബസ് സര്‍വീസ് ആരംഭിച്ചത്. 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയും ചുമത്തി.

ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്. പരിശോധനയെ തുടര്‍ന്ന് ബസ് അര മണിക്കൂര്‍ വൈകി. ഇനിയും പരിശോധനയുണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

അതേസമയം ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത് മനപൂര്‍വമാണെന്ന് ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു. കോടതി ഉത്തരവ് അവര്‍ പ്രതീക്ഷിച്ചില്ലെന്നും അതിന്റെ ജാള്യത മറക്കാനാണ് ശ്രമം എന്നും അദേഹം പറഞ്ഞു.

എംവിഡിയുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചാണ് ബസ് സര്‍വീസ് ആരംഭിച്ചത്. ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടിയതിന് മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നിയമ പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് വീണ്ടും നിരത്തിലിറങ്ങിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു.

പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് കോയമ്പത്തൂരില്‍ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ചിന് കോയമ്പത്തൂരില്‍ നിന്നും തുടങ്ങി രാത്രി 12 ന് പത്തനംതിട്ടയില്‍ ബസ് തിരിച്ചെത്തും. ട്രിപ്പില്‍ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, പാലക്കാട് എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍ ഉള്ളത്. തിരിച്ചുള്ള സര്‍വ്വീസില്‍ പാലക്കാട് മാത്രമാണ് സ്റ്റോപ്പ്.

നിയമ ലംഘനം ചൂണ്ടിക്കാട്ടി മുന്‍പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍വച്ചാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.