നവകേരള സദസ്: മന്ത്രി സംഘത്തിന് സഞ്ചാര യോഗ്യമാക്കിയ ആഢംബര ബസിന്റെ വിശേഷങ്ങള്‍ അറിയാം

നവകേരള സദസ്: മന്ത്രി സംഘത്തിന് സഞ്ചാര യോഗ്യമാക്കിയ ആഢംബര ബസിന്റെ വിശേഷങ്ങള്‍ അറിയാം

കാസര്‍കോഡ്: ഇന്ന് ആരംഭിക്കുന്ന നവകേരള സദസിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ആഢംബര ബസ് കാസര്‍കോഡെത്തി. ബംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. ബംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്റെ ബോഡി നിര്‍മിച്ചത്.

കറുപ്പ് നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്.

25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ആഢംബര ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. ബെന്‍സിന്റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബെന്‍സിന്റെ ഷാസിക്ക് മാത്രം 35 ലക്ഷം വേറെ ഉണ്ടെന്നും വിവരമുണ്ട്.

അതേസമയം ഒരു കോടി അഞ്ച് ലക്ഷം ചിലവിട്ട് ഇറക്കുന്ന ബസ് ധൂര്‍ത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. എന്നാല്‍ മന്ത്രിമാര്‍ സ്വന്തം വാഹനങ്ങള്‍ വിട്ട് പ്രത്യേക ബസില്‍ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വാദം. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം സീറ്റുകളുമുണ്ട്.

ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവര്‍ക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യല്‍ ഏരിയ തുടങ്ങിയവയാണ് ബസിലുള്ളതെന്നാണ് വിവരം. ആഢംബര ബസ് വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്.

ഒരു കോടി അഞ്ച് ലക്ഷം ഷാസിക്ക് പുറത്തുള്ള തുകയാണെന്നും പറയപ്പെടുന്നു. എസ്.എം കണ്ണപ്പയുടെ മാണ്ഡ്യയിലെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.