ബിഷപ്പ് അൽവാരസിനെ മോചിപ്പിക്കാൻ സഹായിക്കണം; ബ്രിട്ടീഷ് പാർലമെന്റിനോട് അഭ്യർത്ഥനയുമായി നിക്കരാഗ്വൻ മനുഷ്യാവകാശ അഭിഭാഷകൻ

ബിഷപ്പ് അൽവാരസിനെ മോചിപ്പിക്കാൻ സഹായിക്കണം; ബ്രിട്ടീഷ് പാർലമെന്റിനോട് അഭ്യർത്ഥനയുമായി നിക്കരാഗ്വൻ മനുഷ്യാവകാശ അഭിഭാഷകൻ

മനാഗ്വേ: നിക്കരാഗ്വയിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തടവിലാക്കിയ മതഗൽപ രൂപതാ അധ്യക്ഷൻ ബിഷപ്പ് റോളാൻഡോ അൽവാരസിനെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റിനോട് അഭ്യർഥിച്ച് നിക്കരാഗ്വൻ മനുഷ്യാവകാശ അഭിഭാഷകൻ. നിക്കരാഗ്വ ഫ്രീഡം ഫൗണ്ടേഷന്റെ പ്രസിഡന്റും മുൻ നിക്കരാഗ്വൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഫെലിക്സ് മറാഡിയാഗയാണ് ബ്രിട്ടീഷ് പാർലമെന്റ് സന്ദർശിക്കുകയും മനുഷ്യാവകാശ സംരക്ഷകനായ അൽവാരസ് ഉൾപ്പെടെയുള്ള നിക്കരാഗ്വയിലെ രാഷ്ട്രീയതടവുകാരെ മോചിപ്പിക്കുന്നതിന് പിന്തുണ ആവശ്യപ്പെടുകയും ചെയ്തത്.

ബ്രിട്ടീഷ് പാർലമെന്റ് സന്ദർശനവേളയിൽ എല്ലാ നിക്കരാഗ്വൻ രാഷ്ട്രീയതടവുകാർക്കും വേണ്ടി വാദിച്ചു. ഞങ്ങൾ ആരെയും മറന്നിട്ടില്ലെന്ന് മറാഡിയാഗ പറഞ്ഞു. നിക്കരാഗ്വൻ ജനതയ്ക്ക് അർഹമായ സ്വാതന്ത്ര്യവും നീതിയും നേടിയെടുക്കുന്നതുവരെ അശ്രാന്തമായി പ്രവർത്തിക്കാനുള്ള തന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാടുകടത്തപ്പെട്ട നിക്കരാഗ്വൻ ബിഷപ്പ് സിൽവിയോ ബെയ്‌സിന് വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡെമോക്രസി (എൻ.ഇ.ഡി) യിൽ നിന്ന് അവാർഡ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മറാഡിയാഗ ഇംഗ്ലണ്ട് സന്ദർശിച്ചത്.

നിക്കരാഗ്വയിലെ രാഷ്ട്രീയതടവുകാരുടെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുകയും മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു. നിക്കരാഗ്വപോലുള്ള റഷ്യ, ചൈന, ഇറാൻ തുടങ്ങിയ സ്വേച്ഛാധിപത്യരാജ്യങ്ങളെ നേരിടാൻ മറ്റു ജനാധിപത്യരാജ്യങ്ങൾ പരസ്പരം സഹകരിച്ചുപ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും മറ്റൊരു ചർച്ചാവിഷയമായിരുന്നു.

ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ തുറന്നുക്കാട്ടുകയും ഏകാധിപത്യത്തിനെതിരെ പോരാടുകയും ചെയ്ത ബിഷപ്പിന് വിവിധ കേസുകളിലെ വ്യത്യസ്ത ശിക്ഷാകാലയളവ് പ്രകാരം 26 വർഷവും, നാലുമാസവും തുടർച്ചയായി ജയിലിൽ കഴിയേണ്ടതായി വരും. 2049 ഏപ്രിൽ 13 വരെ ബിഷപ്പ് അൽവാരസ് ജയിലിൽ കഴിയണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.