കഥ പറച്ചിലിന്റെ ഗൗരവം കൊണ്ടും സംവിധാന മികവുകൊണ്ടും ശ്രദ്ധ നേടി 'ദി ഫേസ് ഓഫ് ദി ഫേസ് ലെസ്'

കഥ പറച്ചിലിന്റെ ഗൗരവം കൊണ്ടും സംവിധാന മികവുകൊണ്ടും ശ്രദ്ധ നേടി 'ദി ഫേസ് ഓഫ് ദി ഫേസ് ലെസ്'

ആക്ഷനും ത്രില്ലറും തിയ്യേറ്ററുകള്‍ കൈയ്യേറുന്ന കാലത്ത് കഥ പറച്ചിലിന്റെ ഗൗരവം കൊണ്ടും സംവിധാന മികവുകൊണ്ടും കഥാഗതിയുടെ ഗൗരവം ചോരാതെ ആസ്വദകരെ അവസാനം വരെ പിടിച്ചിരുത്തുന്ന മികച്ച ചിത്രമാണ് 'ദി ഫേസ് ഓഫ് ദി ഫേസ് ലെസ്. ചിത്രത്തെക്കുറിച്ചുള്ള ഫാ. ജോബിന്‍ വലിയപറമ്പിലിന്റെ കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ആക്ഷനും ത്രില്ലറും തിയ്യേറ്ററുകള്‍ കൈയ്യേറുന്ന കാലത്ത് കഥ പറച്ചിലിന്റെ ഗൗരവം കൊണ്ടും സംവിധാന മികവുകൊണ്ടും കഥാഗതിയുടെ ഗൗരവം ചോരാതെ ആസ്വദകരെ അവസാനം വരെ പിടിച്ചിരുത്തുന്ന മികച്ച ചിത്രമാണ് 'ദി ഫേസ് ഓഫ് ദി ഫേസ് ലെസ്.'

ഉത്തരേന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിലാണ് സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ ചിത്രം അവതരിപ്പിക്കുന്നത്. കഥയും കഥാപത്രങ്ങളും തികച്ചും സങ്കല്‍പികമാണെന്ന് പറഞ്ഞു തുടങ്ങുന്ന മലയാളത്തിലെ ക്‌ളീഷേ കോമേഴ്ഷ്യല്‍ ചിത്രങ്ങള്‍ക്കിടയില്‍ ഫേസ് ഓഫ് ദി ഫേസ് ലെസ് എന്ന ചിത്രം അതിന്റെ ജീവചരിത്ര സ്വഭാവം കൊണ്ട് വിഭിന്നമാകുന്നു.

ജീവിച്ചിരുന്ന ഒരാളുടെ കഥ സ്‌ക്രീനില്‍ ആവര്‍ത്തിക്കുകയെന്നത് ശരിക്കും വെല്ലുവിളി തന്നെയാണ്. വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ ഗവേഷണവും അവര്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളെക്കുറിച്ചുള്ള കൃത്യമായ നിരീക്ഷണവും അതിനാവശ്യമാണ്. 1990 കളിലെ മധ്യപ്രദേശിന്റെ നേര്‍ചിത്രം മിഴിവോടെ പകര്‍ത്താന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. വരണ്ടുണങ്ങിയ പാടങ്ങളും പുല്ല് മേഞ്ഞ വീടുകളും തുടങ്ങി മഠത്തിന്റെ ആവൃതി വരെയുള്ള കഥയുടെ പ്ലോട്ട് പ്രേക്ഷകനില്‍ കൃത്യമായി സിനിമയുടെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ്.

സംസ്ഥാനത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ച വിന്‍സി അലോഷ്യസിന്റെ ചിത്രത്തിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. ക്ലോസപ്പ് ഷോട്ടുകളില്‍ സിസ്റ്റര്‍ റാണി മരിയായി അഭിനയിക്കുന്ന വിന്‍സിയുടെ മുഖത്ത് തെളിയുന്ന ഭാവ വ്യത്യാസങ്ങള്‍ക്കനുസരിച്ച് പ്രേക്ഷകനും ഉദയ്പൂര്‍ എന്ന ഉത്തരേന്ത്യന്‍ ഗ്രാമത്തിലൂടെ സഞ്ചരിക്കുകയാണ്.

സമര്‍പ്പിത ജീവിതത്തിലെ പിരിമുറുക്കങ്ങളെയും സഹ സന്ന്യാസിനികളുടെ കരുതലിനെയും ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു. ഇടയ്ക്ക് മൈബൈല്‍ സ്‌ക്രീനിന്റെ വെളിച്ചത്തിലേക്ക് കണ്ണ് തിരിക്കാതെ സിനിമയില്‍ ലയിച്ചിരിക്കുന്ന ഏതൊരുവന്റെയും കണ്ണ് നിറയ്ക്കുന്നതാണ് ചിത്രത്തിലെ ഇമോഷണല്‍ രംഗങ്ങള്‍...

പ്രൊഫഷണല്‍ സിനിമയുടെ മുഴുവന്‍ ചേരുവകളും ഒത്തു ചേരുന്നതാണ് സിനിമ. ക്യാമറയുടെ വിവിധ സാധ്യതകളെ പ്രയോജനപ്പെടുത്തിയിട്ടുള്ള സിനിമയുടെ അവസാന ഭാഗത്ത് വഴിയില്‍ വീണ് കിടക്കുന്ന സിസ്റ്റര്‍ റാണി മരിയയുടെ വിഷ്വല്‍ അടയാളപ്പെടുത്തുന്ന ഡ്രോണ്‍ ഷോട്ട് വളരെ മികച്ചതാണ്. കഥാപശ്ചാത്തലത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ലോങ് ഷോട്ടുകളും ക്യാമറ കൈകാര്യം ചെയ്തയാളുടെ(മഹേഷ് അനെയ്) പ്രതിഭ അടയാളപ്പെടുത്തുന്നുണ്ട്.

സിനിമയിലെ ഇമോഷണല്‍ രംഗങ്ങളുടെ ആത്മാവ് കുടികൊള്ളുന്നത് അതിന്റെ പശ്ചാത്തല സംഗീതത്തിന്റെ മികവിലാണ്. കൈതപ്രം എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് അല്‍ഫോന്‍സ് ജോസഫാണ്. സാധാരണ ഗതിയില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ക്കൊന്നും ഇടം കൊടുക്കാതെ സിനിമയുടെ നിലവാരത്തെ കൃത്യമായി ബാലന്‍സ് ചെയ്തത്

മലയാള സിനിമയിലെ ഏറ്റവും മികച്ച എഡിറ്ററും സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ രഞ്ജന്‍ എബ്രഹാത്തിന്റെ കഴിവാണ്.
ഓരോ വര്‍ഷവും നൂറു കണക്കിന് സിനിമകളാണ് മലയാളത്തിലിറങ്ങുന്നത്. അതില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന ചിത്രം നിര്‍മ്മിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. താരമൂല്യം തൂക്കി നോക്കി ഓവര്‍സീസും സാറ്റ്ലൈറ്റും വിറ്റു പോകുന്ന കാലത്ത് ഇങ്ങനെയൊരു ഉദ്യമത്തിന് തയ്യാറായ പ്രൊഡ്യൂസര്‍ (സാന്ദ്ര ഡിസൂസ റാണാ) ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.

സിനിമ എന്ന വിനിമയം അടിസ്ഥാനപരമായി ഡയറക്ടറുടെ മാത്രം ബ്രില്ല്യന്‍സാണ്. എല്ലാ കോമേഴ്ഷ്യല്‍ ചേരുവകകളെയും കൃത്യമായി കോര്‍ത്തിണക്കിയെന്നതാണ് ഷെയ്‌സണ്‍ പി ഔസേപ്പ് എന്ന ഡയറക്ടറുടെ ബ്രില്ല്യന്‍സ്. അതുകൊണ്ട് തന്നെ ഫേസ് ഓഫ് ദി ഫേസ് ലെസ് പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.

ഫാ. ജോബിന്‍ വലിയപറമ്പില്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.