ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണമാരുടെ നിലപാടിനെ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി.
ബില്ലുകളില്‍ തീരുമാനമെടുക്കാതെ മൂന്ന് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നുവെന്നും കക്ഷികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് വരെ ഗവര്‍ണര്‍ എന്തിന് കാത്തിരിക്കണമെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
2020 ജനുവരി മുതല്‍ അനുമതിക്കായി സമര്‍പ്പിച്ച ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടാവുന്ന കാലതാമസം ചോദ്യം ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തമിഴ്‌നാട് സമര്‍പ്പിച്ച 10 ബില്ലുകളാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവി തിരിച്ചയച്ചത്. ഈ ബില്ലുകള്‍ തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിരുന്നു.
തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ നവംബര്‍ 10 ന് കോടതി നോട്ടീസ് അയച്ചശേഷം മാത്രമാണ് 10 ബില്ലുകളില്‍ തീരുമാനമെടുത്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നിഷ്‌ക്രിയത്വം ഗൗരവതരമായ പ്രശ്നമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
സമാന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനും നല്‍കിയ നോട്ടീസില്‍ അഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
എട്ട് ബില്ലുകള്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ഡോ വേണു, ടി.പി രാമകൃഷ്ണന്‍ എംഎല്‍എ എന്നിവരാണ് ഹര്‍ജിക്കാര്‍.
പൊതുജനാരോഗ്യം, ഉന്നത വിദ്യാഭ്യാസം, ലോകായുക്ത മുതലായ വിഷയങ്ങളിലെ എട്ട് ബില്ലുകളാണ് കേരളത്തിന്റേത്. സുപ്രീം കോടതിയിലെ ഹര്‍ജിക്ക് പിന്നാലെ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു.
കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലും അഭിഭാഷകനായ സി.കെ ശശിയും തമിഴ്‌നാടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മനു അഭി,ഷേക് സിങ്‌വി പി. വില്‍സണ്‍, ശബരീഷ് സുബ്രഹ്മണ്യന്‍ എന്നിവരുമാണ് ഹാജരായത്.
നേരത്തെ തമിഴ്‌നാടും പഞ്ചാബും സമര്‍പ്പിച്ച ഹര്‍ജികളില്‍ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ല ഗവര്‍ണര്‍മാര്‍ എന്ന വസ്തുത അവര്‍ അവഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തിയിരുന്നു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരത്തിനായി എത്തുമ്പോള്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 200 ഗവര്‍ണറെ ചുമതലപ്പെടുത്തുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം നിയമസഭ പാസാക്കുന്ന എല്ലാ ബില്ലുകളും സാങ്കേതികാര്‍ത്ഥത്തില്‍ ഒപ്പുവെക്കാനുള്ള കടമയല്ല ഉള്ളതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദിച്ചു. എല്ലാ വശങ്ങളും നോക്കിയ ശേഷമേ അദേഹത്തിന് ബില്ലില്‍ ഒപ്പിടാന്‍ സാധിക്കൂവെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.