കൊച്ചി: ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നിട്ട ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് ഇന്ന് 60 വയസ്. 1963 നവംബര്‍ 21 നാണ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നത്.
വിക്ഷേപണത്തിനായി സൈക്കിളിന്റെ കാരിയറില്‍ കെട്ടി വച്ചാണ് റോക്കറ്റ് പേലോഡ് കൊണ്ടുപോയത്. പഴയൊരു ജീപ്പില്‍ അമേരിക്ക സമ്മാനിച്ച റോക്കറ്റുമേന്തിയുള്ള യാത്ര. റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കാനായി അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകര്‍.
ഈയൊരു കാലഘട്ടത്തില്‍ നിന്നാണ് ഇന്ന് കാണുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് തൊട്ടടുത്ത് പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്ത ആദ്യ രാജ്യം, സൗര രഹസ്യങ്ങള്‍ തേടി വിക്ഷേപിച്ച ആദിത്യ-എല്‍ 1, ഗഗന്‍യാന്‍ തുടങ്ങിയ അഭിമാന പദ്ധതികളുമായി ബഹിരാകാശത്ത് വിജയത്തിന്റെ വീരഗാഥ രചിച്ചുകൊണ്ടുള്ള ഐഎസ്ആര്‍ഒയുടെ മുന്നേറ്റം. അതിനിടെ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുവെന്ന ലോക റെക്കോഡിലേക്കും ഐഎസ്ആര്‍ഒ ചുവടുവച്ചു.
1960 കളുടെ തുടക്കത്തില്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായി ആണ്. ഉപഗ്രഹം ഉപയോഗിച്ച് നേരിട്ടുള്ള ടെലിവിഷന്‍ സംപ്രേഷണത്തിന്റെ സാധ്യതയെക്കുറിച്ച് പഠിച്ച അദ്ദേഹം കൃത്രിമ ഉപഗ്രഹങ്ങളിലൂടെ ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് മനസിലാക്കുകയും പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ സാങ്കേതികവിദ്യ നേടിയെടുക്കുന്നതിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു.
അതിനായി സ്വന്തമായി വിക്ഷേപണ വാഹനം നിര്‍മിക്കുന്നതിനും അനുബന്ധ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിലും ശ്രമം ആരംഭിച്ചു. അങ്ങനെയാണ് വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഉള്‍പ്പെടുന്ന ഒരു സംഘം ശാസ്ത്രജ്ഞര്‍ കേരളത്തിലെത്തുന്നത്.
ആദ്യ വിക്ഷേപണത്തിനുള്ള റോക്കറ്റ് പേലോഡ് സൈക്കിളിന്റെ കാരിയറില്‍ കെട്ടി വച്ച് കൊണ്ടുപോകുന്നു.
ഗവേഷണം വിജയകരമാക്കാന്‍ പറ്റിയ ഒരു സ്ഥലം കണ്ടെത്തുകയായിരുന്നു ആദ്യ കടമ്പ. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യത്തിനായി വിക്രം സാരാഭായി തിരഞ്ഞെടുത്തതാകട്ടെ തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്ന ഗ്രാമം. ഭൂമിയുടെ കാന്തിക മധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഭൂപ്രദേശമാണ് തുമ്പ.
അതുകൊണ്ടാണ് ശാസ്ത്രീയമായി ഏറെ പ്രാധാന്യമുള്ള ഈ പ്രദേശം റോക്കറ്റ് വിക്ഷേപണത്തിനായി വിക്രം സാരാഭായ് തിരഞ്ഞെടുക്കുന്നത്. കൂടാതെ സൗണ്ടിങ് റോക്കറ്റളുടെ വിക്ഷേപണത്തിന് ഏറ്റവും ഉചിതമായ ഇടം കൂടിയായിരുന്നു ഈ ഗ്രാമം. ബഹിരാകാശ രംഗത്തെ ശൈശവ ദശയില്‍ ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകള്‍ എല്ലാം സൗണ്ടിങ് റോക്കറ്റുകളായിരുന്നു.
വലിയ ദൗത്യങ്ങള്‍ക്ക് മുമ്പുള്ള പരീക്ഷണ റോക്കറ്റുകളാണ് സൗണ്ടിങ് റോക്കറ്റുകള്‍. കാലാവസ്ഥാ പഠനമാണ് ഇവ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉപഗ്രഹങ്ങള്‍ക്ക് കറങ്ങാന്‍ സാധിക്കാത്തതുകൊണ്ട് താഴെയുള്ള അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്താനാണ് സൗണ്ടിങ് റോക്കറ്റുകള്‍ അയയ്ക്കുന്നത്. രണ്ട് ഘട്ടങ്ങള്‍ വരെയുള്ള സോളിഡ് പ്രൊപ്പലന്റ് ഉപയോഗിക്കുന്ന രോഹിണി സീരീസ് റോക്കറ്റുകളാണ് സൗണ്ടിങ് റോക്കറ്റുകള്‍.
തുമ്പയിലെ മേരി മഗ്ദലന പള്ളി ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറിയ ചരിത്രം
1963 ല്‍ ഇന്ത്യയിലെ ആദ്യ വിക്ഷേപണ കേന്ദ്രമായ 'തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍' (ടിഇആര്‍എല്‍എസ്) സ്ഥാപിക്കപ്പെടുന്നത് തുമ്പയിലെ 'മേരി മഗ്ദലന' എന്ന ക്രിസ്ത്യന്‍ പള്ളിയിലായിരുന്നു. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ബഹിരാകാശ ദൗത്യത്തില്‍ വഹിക്കുന്ന പ്രാധാന്യം വിക്രം സാരാഭായ് അന്നത്തെ ബിഷപ്പായിരുന്ന ഡോ. പീറ്റര്‍ ബെര്‍ണാഡ് പെരേരയെ അറിയിച്ചു.
തുടര്‍ന്ന് ബിഷപ്പ് ഗ്രാമവാസികളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം ശാസ്ത്രജ്ഞര്‍ക്കായി വിട്ടു കൊടുക്കുകയുമായിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന 350 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ രാജ്യത്തിനുവേണ്ടി മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറാന്‍ തയാറാവുകയായിരുന്നു.
ഐഎസ്ആര്‍ഒയുടെ ആദ്യ ഓഫീസായി മാറിയ തുമ്പയിലെ മേരി മഗ്ദലന പള്ളി.
അങ്ങനെയാണ് തുമ്പയിലെ പള്ളി, റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ വര്‍ക്ക്ഷോപ്പ് ആയും ബിഷപ്പിന്റെ വസതി ദൗത്യത്തിന്റെ ഓഫീസായും മാറിയത്. പള്ളിയോട് ചേര്‍ന്ന് കടല്‍ത്തീരത്തായിരുന്നു റോക്കറ്റ് വിക്ഷേപണത്തറ സജ്ജമാക്കിയിരുന്നത്.
കടല്‍ത്തീരത്തുള്ള നിക്ഷേപണ തറയിലേക്ക് റോക്കറ്റിന്റെ ഭാഗങ്ങളും പേലോഡുകളും എത്തിച്ചേരുന്നത് സൈക്കിളിലും കാളവണ്ടികളിലും ആയിരുന്നു. ദൗത്യത്തിനായുള്ള സഹായത്തിനായി അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ പിന്തുണയുമുണ്ടായിരുന്നു.
നീണ്ട പ്രയത്‌നങ്ങളുടെ ഫലം കണ്ടത് 1963 നവംബര്‍ 21 നായിരുന്നു. അമേരിക്കയില്‍ നിന്നെത്തിച്ച 'നിക്ക് അപ്പാച്ചെ' എന്ന ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ് റോക്കറ്റ് തുമ്പയില്‍ നിന്ന് കുതിച്ചുയര്‍ന്നു. അന്ന് നടന്നത് ചരിത്രനേട്ടം. മറ്റ് ശക്തരായ രാജ്യങ്ങള്‍ പോലും അസൂയയോടെ ഉറ്റുനോക്കിയ ഐഎസ്ആര്‍ഒയുടെ വിജയ ഗാഥകളുടെ ആദ്യ ചവിട്ടുപടി.
ഡോ. എ പി ജെ അബ്ദുള്‍ കലാമും ആര്‍ അരവമുദനും ചേര്‍ന്ന് ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് അസംബിള്‍ ചെയ്യുന്നു.
തുമ്പയിലെ സെന്റ് മേരി മഗ്ദലന പള്ളിയില്‍നിന്ന് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ സ്വപ്നം പറന്നുയര്‍ന്നപ്പോള്‍ പള്ളി മൈതാനം ജനസാഗരമായിരുന്നു, രാജ്യത്തിന്റെ പുരോഗതിക്കായി വീട് ഉപേക്ഷിക്കാന്‍ തയാറായ മത്സ്യത്തൊഴിലാളികളും ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി, പ്രഥമ ഘട്ടത്തിലെ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ റിസര്‍ച്ച് (ഇന്‍കോസ്പാര്‍) മാറി ഇന്നത്തെ ഐഎസ്ആര്‍ഒ രൂപംകൊണ്ടു. ക്രമേണ സൗണ്ടിങ് റോക്കറ്റുകള്‍ എസ്എല്‍വി, എഎസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി എന്നീ വിക്ഷേപണ വാഹനങ്ങള്‍ക്ക് വഴിമാറി.
ബഹിരാകാശ ഗവേഷണ രംഗത്ത് പിന്നീട് ഇന്ത്യ നേടിയ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. വിക്രം സാരാഭായിയുടെ ദീര്‍ഘ വീക്ഷണമാണ് ഇന്നത്തെ നിലയിലേക്ക് ഇന്ത്യയുടെ ശാസ്ത്ര ലോകത്തെ ഉയര്‍ത്തിയത് എന്നാണ് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ നല്‍കുന്ന സാക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.