കാന്‍ബറ: സാഹോദര്യം നിലനിര്‍ത്താന്‍ ആഹ്വാനവുമായി ഓസ്‌ട്രേലിയയില്‍ മത-രാഷ്ട്രീയ നേതാക്കളുടെ സംഗമം. ഓസ്ട്രേലിയന്‍ കാത്തലിക് യൂണിവേഴ്സിറ്റിയാണ് ഫെഡറല്‍ പാര്‍ലമെന്റ് ഹൗസില്‍ ഇന്റര്‍ഫെയ്ത്ത് പാര്‍ലമെന്ററി ബ്രേക്ഫാസ്റ്റ് എന്ന പരിപാടി സംഘടിപ്പിച്ചത്.
ഫെഡറല്‍ പാര്‍ലമെന്റേറിയന്‍മാര്‍, വിവിധ മത, രാഷ്ട്രീയ നേതാക്കള്‍, വിദേശ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 200ലധികം അതിഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ പ്രതിനിധീകരിച്ച് കാലാവസ്ഥാ വ്യതിയാന ഊര്‍ജ മന്ത്രി ക്രിസ് ബോവനാണ് വിശിഷ്ടാതിഥിയായി എത്തിയത്. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടനെ പ്രതിനിധീകരിച്ച് ഷാഡോ ഡിഫന്‍സ് മന്ത്രി ആന്‍ഡ്രൂ ഹാസ്റ്റിയും പങ്കെടുത്തു.
ഓസ്ട്രേലിയയുടെ സ്വത്വം രാജ്യത്തെ വൈവിധ്യമാര്‍ന്ന മത-വിശ്വാസ സമൂഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സ്വാഗതം ആശംസിച്ച ജനപ്രതിനിധി സഭാ സ്പീക്കര്‍ മില്‍ട്ടണ്‍ ഡിക്ക് പറഞ്ഞു. നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിത്തറയുള്ള സമൂഹങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും.
തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന ഓസ്ട്രേലിയക്കാര്‍ ഏറെ പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് ഈ പരിപാടി നടക്കുന്നതെന്ന് മന്ത്രി ക്രിസ് ബോവന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ വിശ്വാസപരമായും കുടുംബപരമായും വേരുകളുള്ള നിരവധി ഓസ്ട്രേലിയക്കാര്‍ ഇവിടെയുണ്ട്. അവര്‍ എല്ലാ ദിവസവും മരണത്തിന്റെയും നാശനഷ്ടങ്ങളുടെയും ഭയാനകമായ രംഗങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു - ബോവന്‍ പറഞ്ഞു.
'ഇത് നമ്മുടെ ആത്മാവിന്റെ പരീക്ഷണ ഘട്ടമാണ്. ദൈവത്തിലും മനുഷ്യത്വത്തിലും നാം പരസ്പരവും വച്ചുപുലര്‍ത്തുന്ന വിശ്വാസത്തെ പരീക്ഷിക്കുന്ന നിമിഷങ്ങളാണിവ. കാര്യങ്ങള്‍ ഏറ്റവും ഇരുണ്ടതായിരിക്കുമ്പോള്‍, ഒരു പുതിയ ദിവസം വരുമെന്ന് വിശ്വസിക്കുക - ക്രിസ് ബോവന്‍ കൂട്ടിച്ചേര്‍ത്തു.
2014ല്‍ ഓസ്ട്രേലിയന്‍ കാത്തലിക് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്ററി ഇന്റര്‍ഫെയ്ത്ത് ബ്രേക്ക്ഫാസ്റ്റ് ആരംഭിച്ചത്. ഓസ്ട്രേലിയയുടെ വളര്‍ച്ചയ്ക്ക് വിശ്വാസ സമൂഹങ്ങള്‍ നല്‍കിയ വൈവിധ്യമാര്‍ന്ന സംഭാവനകളെ ആദരിക്കാനും രാഷ്ട്രീയ-മത നേതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്താനും മതാന്തര സംവാദത്തിനുള്ള ഒരു വേദി സൃഷ്ടിക്കാനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.