പെര്‍ത്തില്‍ കാട്ടുതീയില്‍ വ്യാപകനാശം; 10 വീടുകള്‍ കത്തിനശിച്ചു; ജനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍

പെര്‍ത്തില്‍ കാട്ടുതീയില്‍ വ്യാപകനാശം; 10 വീടുകള്‍ കത്തിനശിച്ചു; ജനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത നാശം വിതച്ച് കാട്ടുതീ പടരുന്നു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച കാട്ടുതീയില്‍ പത്ത് വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചതിനെതുടര്‍ന്ന് പ്രദേശവാസികളോട് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്ത് അഭയം തേടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതിനകം 1700 ഹെക്ടര്‍ സ്ഥലമാണ് കത്തിനശിച്ചത്.

നവംബറിലെ ചൂടിന്റെ കാഠിന്യം മൂലം അഗ്‌നിശമന സേനാംഗങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കാട്ടുതീ പടരുകയാണ്. വാനെറൂ, ജാന്‍ഡബപ്പ്, മാരിജിനിയപ്പ്, മെലലൂക്ക, സിനാഗ്ര, ടാപ്പിങ് എന്നിവിടങ്ങളില്‍ വീടുകളും വസ്തുവകകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചാണ് കാട്ടുതീ പടരുന്നത്. വാനെറൂവില്‍ മൂന്ന് സ്‌കൂളുകളും ഒരു ശിശു സംരക്ഷണ കേന്ദ്രവും ഒഴിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ രക്ഷിതാക്കള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് സന്ദേശം അയച്ചു.

പെര്‍ത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ഒരു പൈന്‍ തോട്ടത്തില്‍നിന്നാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞതോടെ തീ പടരാന്‍ തുടങ്ങിയത്. തീപിടിത്തത്തിന്റെ ഉറവിടം അന്വേഷിച്ചുവരികയാണ്.

കാട്ടുതീയില്‍ വൈദ്യുതി ലൈനുകള്‍ തകര്‍ന്നതോടെ 544 വീടുകളില്‍ വൈദ്യുതി മുടങ്ങി. 130 ഓളം പേര്‍ ബുധനാഴ്ച രാത്രിതന്നെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറിയതായി വെസ്റ്റേണ്‍ ഓസ്ട്രേലിയ ഡെപ്യൂട്ടി പ്രീമിയര്‍ റീത്ത സഫിയോട്ടി പറഞ്ഞു.

പെര്‍ത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റും ശക്തമായി വീശുന്നതിനാല്‍ തീ നിയന്ത്രണാതീതമായി പടരുകയാണ്. ഈ ദിവസങ്ങള്‍ കാഠിന്യമേറിയതായിരിക്കുമെന്നും ഡെപ്യൂട്ടി പ്രീമിയര്‍ പറഞ്ഞു.

ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തീ അണയ്ക്കാന്‍ ശ്രമിക്കുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പുക ശ്വസിച്ചതു മൂലം ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണര്‍ ഡാരന്‍ ക്ലെം പറഞ്ഞു.

തീ നിയന്ത്രണവിധേയമാക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 150-ലധികം അഗ്‌നിശമന സേനാംഗങ്ങളാണ് ഇതിനായി പോരാടുന്നത്. കാട്ടുതീ ബാധിത മേഖലകളിലാകെ പുക മൂടി ജനജീവിതം ദുസഹമായിരിക്കുകയാണ്.

ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി പോയ പ്രീമിയര്‍ റോജര്‍ കുക്ക് യാത്ര വെട്ടിച്ചുരുക്കി എത്രയും വേഗം മടങ്ങിയെത്തുമെന്നും ദുരിത ബാധിത അഗ്‌നിശമന മേഖലകള്‍ സന്ദര്‍ശിക്കുമെന്നും ഡെപ്യൂട്ടി പ്രീമിയര്‍ അറിയിച്ചു. കാട്ടുതീയില്‍ വീട് ഉള്‍പ്പെടെ എല്ലാ സമ്പാദ്യങ്ങളും നഷ്ടമായ പ്രദേശവാസികള്‍ വലിയ ആശങ്കയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.