വെടിനിര്‍ത്തല്‍ അവസാനിച്ചാലുടന്‍ ആക്രമണമെന്ന് ഇസ്രയേല്‍.
ഗാസ സിറ്റി: അനശ്ചിതത്വത്തിന് വിരാമമായി. ഗാസയില്‍ പ്രാദേശിക സമയം ഇന്ന് രാവിലെ ഏഴ് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഇനിയുള്ള നാല് ദിവസം ഗാസയില്‍ വെടിയൊച്ചകളുണ്ടാകില്ല.
കരാറിന്റെ ഭാഗമായി വൈകുന്നേരം നാല് മണിയോടെ സ്ത്രീകളും കുട്ടികളുമടക്കം 13 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങള്‍ ഇസ്രയേലിന് കൈമാറിയതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചു.
അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ്ക്രസന്റ് എന്നീ സന്നദ്ധ സംഘടനകള്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. ഇരുപക്ഷവും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണമെന്ന് മധ്യസ്ഥ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിന്റെ നേതൃത്വത്തില്‍ ഈജിപ്തും അമേരിക്കയും സഹകരിച്ചാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നത്.
ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ മോചിപ്പിക്കും. പകരം 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കും. ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും അനുവദിക്കും.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്ര വിജയമാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ കരാര്‍. സാഹചര്യമനുസരിച്ച് വെടിനിര്‍ത്തല്‍ ദിനങ്ങളുടെ എണ്ണം കൂടാമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്തുപേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ ഓരോ ദിവസം നീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വെടിനിര്‍ത്തല്‍ അന്തിമമല്ലെന്നും അതിന്റെ സമയം തീരുന്നതോടെ ആക്രമണവുമായി മുന്നോട്ടു പോകുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.