ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല: ഹൈക്കോടതി; ചെക്ക് കേസില്‍ ഗിരീഷിന് ജാമ്യം

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല: ഹൈക്കോടതി; ചെക്ക് കേസില്‍ ഗിരീഷിന് ജാമ്യം

ഇത്തരമൊരു കേസിനെക്കുറിച്ച് അറിയില്ലെന്നും കേസില്‍ ഇതേവരെ സമന്‍സോ വാറന്റോ ലഭിച്ചിട്ടില്ലെന്നും ഗിരീഷ്.

കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്നും ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി.

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പിഴ ചുമത്തിയതിനെതിരെ കൊല്ലത്തെ പുഞ്ചിരി ബസിന്റെ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഉണ്ട് എന്ന് കരുതി സ്റ്റേജ് ക്യാരേജായി വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ കഴിയില്ല. ഇത്തരത്തില്‍ സര്‍വീസ് നടത്തിയാല്‍ മോട്ടോര്‍ വാഹന നിയമ ലംഘനം ചൂണ്ടിക്കാട്ടി വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ചുമത്താവുന്നതാണ്.

ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 50 ശതമാനം പിഴ ഇപ്പോള്‍ തന്നെ അടയ്ക്കണം. ബാക്കി പിഴ കേസിന്റെ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മതിയെന്നും പുഞ്ചിരി ബസിന്റെ ഉടമകളോട് കോടതി വ്യക്തമാക്കി.

പുഞ്ചിരി ട്രാവല്‍സ് കൊല്ലത്ത് നിന്നും കൊട്ടിയത്ത് നിന്നും ബംഗളൂരുവിലേക്ക് ബസ് സര്‍വീസ് നടത്തുന്നുണ്ട്. പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഈ സര്‍വീസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ 2012 ലെ ചെക്ക് കേസിസില്‍ പൊലീസ് രാവിലെ അറസ്റ്റു ചെയ്ത റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന് ജാമ്യം ലഭിച്ചു. 2012 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്നാണ് പാലാ പൊലീസിന്റെ വിശദീകരണം.

അതേസമയം ഇത്തരമൊരു കേസിനെക്കുറിച്ച് അറിയില്ലെന്ന് ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഇതേവരെ സമന്‍സോ വാറന്റോ ലഭിച്ചിട്ടില്ല. രേഖകളെല്ലാം തയ്യാറാക്കി വാഹനം റോഡിലിറക്കിയിട്ടും കിട്ടിയ അനുഭവം ഇതാണെന്നും ഗിരീഷ് പ്രതികരിച്ചു.

ഗിരീഷിന്റെ ഇടമറുകിലുള്ള വീട്ടിലെത്തിയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി വാങ്ങുന്നതിനായി സ്വകാര്യ ബാങ്ക് നല്‍കിയ വായ്പയില്‍ ഗിരീഷ് ബാങ്കില്‍ സമര്‍പ്പിച്ച ചെക്ക് മടങ്ങിയതിനുള്ള കേസിലാണ് അറസ്റ്റ്.

കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിങ് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു ഗിരീഷിനെതിരെയുള്ള നടപടി. അതേസമയം ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും അവര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.