ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ നാലിന് ആരംഭിച്ച് 22 ന് സമാപിക്കും. ശീതകാല സമ്മേളനത്തില്‍ പരിഷ്‌കരിച്ച ക്രിമിനല്‍ നിയമങ്ങള്‍ ഉള്‍പ്പെടെ സുപ്രധാനമായ 18 ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. ലോക്സഭ സെക്രട്ടേറിയറ്റ് അവതരിപ്പിക്കേണ്ട 18 ബില്ലുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷനിയമം (ഐപിസി), ക്രിമിനല്‍ നടപടി ക്രമം (സിആര്‍പിസി), തെളിവ് നിയമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതില്‍ പ്രധാനപ്പെട്ടത്. നിയമങ്ങളുടെ പേര് ഉള്‍പ്പെടെ മാറുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. 1860-ലെ ഇന്ത്യന്‍ പീനല്‍ കോഡ്, 1973ലെ ക്രിമിനല്‍ നടപടി ചട്ടം, 1872 ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നീ നിയമങ്ങളുടെ പേര് യഥാക്രമം ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നിങ്ങനെ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഓഗസ്റ്റ് 11 ന് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു.
പരിഷ്‌കരിച്ച ഈ ബില്ലുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിനായിരിക്കും. ആരെയും ശിക്ഷിക്കുകയല്ല മറിച്ച് നീതി നടപ്പാക്കുക എന്നതാണ് ഈ പുതുക്കിയ നിയമങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള ബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ ശിക്ഷ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കവെ വ്യക്തമാക്കിയിരുന്നു.
ബോയിലേഴ്സ് ബില്‍, ദി പ്രൊവിഷണല്‍ കളക്ഷന്‍ ഓഫ് ടാക്സ് ബില്‍, കേന്ദ്ര ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ബില്‍, ജമ്മു കാശ്മീര്‍ പുനസംഘടന (ഭേദഗതി) ബില്‍, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഗവണ്‍മെന്റ് (ഭേദഗതി) ബില്‍, നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി നിയമങ്ങള്‍ (പ്രത്യേക വ്യവസ്ഥകള്‍) രണ്ടാം ഭേദഗതി ബില്‍, കേന്ദ്ര സര്‍വകലാശാല (ഭേദഗതി) ബില്‍ എന്നിവയും പട്ടികപ്പെടുത്തിയ ബില്ലുകളില്‍ ഉള്‍പ്പെടുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും നിയമനം, സേവന വ്യവസ്ഥകള്‍, കാലാവധി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ബില്ലും പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കേണ്ടത് എന്നാണ് സുപ്രീം കോടതി വിധി. എന്നാല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തി.
പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിച്ച ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ പാനലിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കും. പ്രധാനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.