ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി അത്യാധുനിക തദ്ദേശീയ സാങ്കേതിക വിദ്യയിലൂടെ വനമേഖലകളിലെ റെയില്‍വേ ട്രാക്കുകളില്‍ ട്രെയിനിടിച്ച് ആനകള്‍ ചെരിയുന്ന സംഭവങ്ങള്‍ തടയാന്‍ 'ഗജരാജ് സുരക്ഷാ (ആന സുരക്ഷ) സംവിധാനം' ഒരുക്കി ഇന്ത്യന്‍ റെയില്‍വേ.
പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പുതിയ സംവിധാനം ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ പല സംസ്ഥാനങ്ങളിലെയും വനമേഖലകളില്‍ ട്രെയിനുകള്‍ ഇടിച്ച് ആനകള്‍ ചെരിയുന്നത് ഒരു പരിധി വരെ ഒഴിവാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കുന്നു.
റെയില്‍ പാളങ്ങളില്‍ സംശയാസ്പദമായ ചലനമുണ്ടായാല്‍ ലോക്കോ പൈലറ്റുമാര്‍ക്ക് മുന്‍കൂട്ടി സന്ദേശം നല്‍കുന്ന സംവിധാനമാണ് ഗജരാജ്. അസമില്‍ വിജയകരമായി പരീക്ഷിച്ച ഗജരാജ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആന ഇടനാഴികളില്‍, വരുന്ന എട്ട് മാസത്തിനുള്ളില്‍ വിന്യസിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 181 കോടി രൂപയാണ് ഇതിന്റെ ചെലവ് വരുന്നത്.
ട്രാക്കില്‍ 200 മീറ്റര്‍ അകലെവച്ച് തന്നെ ഗജരാജ് ആനകളുടെ സാന്നിധ്യം ലോക്കോ പൈലറ്റുമാരെ അറിയിക്കും. ആനകളുടെ ചലനവും റെയില്‍പ്പാളത്തിന്റെ ശബ്ദ വ്യതിയാനവും കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ തിരിച്ചറിഞ്ഞാണ് സിഗ്‌നലുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മനസിലാക്കി ഗജരാജ് സന്ദേശങ്ങള്‍ നല്‍കുക. വരും കാലങ്ങളില്‍ മറ്റ് ജീവികളുടെയും മനുഷ്യരുടെയും സാന്നിധ്യവും ഈ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 45 ആനകള്‍ ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ ആലിപുര്‍ദാറില്‍ അടുത്തയിടെ പിടിയാനയും രണ്ട് ആനക്കുട്ടികളും ട്രെയിനിടിച്ച് ചെരിഞ്ഞ സംഭവം വേദനാജനകമായിരുന്നുവെന്ന് കേന്ദ്ര റെയില്‍ മന്ത്രി പറഞ്ഞു. ഈ സംഭവമാണ് അടിയന്തിരമായി ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നും അദേഹം അറിയിച്ചു.
ആനകള്‍ കൂടുതലുള്ള പശ്ചിമ ബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, അസം, കേരളം, ഛത്തീസ്ഗഢ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായിരിക്കും സംവിധാനം ആദ്യം നിലവില്‍ വരികയെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ള സംസ്ഥാനങ്ങളിലും കാലക്രമത്തില്‍ സംവിധാനം ലഭ്യമാക്കാനാണ് നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.