ആരോഗ്യം മെച്ചപ്പെട്ടു, ശബ്ദം ഇനിയും ശരിയാകാനുണ്ടെന്ന് മാര്‍പാപ്പ

ആരോഗ്യം മെച്ചപ്പെട്ടു, ശബ്ദം ഇനിയും ശരിയാകാനുണ്ടെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തെ ബാധിച്ച അണുബാധയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ തുടര്‍ച്ചയായ രണ്ടാം ഞായറാഴ്ചയും മാര്‍പാപ്പ പൊതുസദസിനെ അഭിസംബോധന ചെയ്തില്ല. വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ഓഫീസ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന മോണ്‍സിഞ്ഞോര്‍ ബ്രൈഡ, സാന്താ മാര്‍ത്തയിലെ വസതിയിലെ ചാപ്പലില്‍നിന്ന് മാര്‍പാപ്പയ്ക്കുവേണ്ടി സന്ദേശം വായിച്ചു.

'ഇന്നും എനിക്ക് സന്ദേശം നല്‍കാന്‍ കഴിയില്ല. എന്റെ ആരോഗ്യം മെച്ചപ്പെട്ടു; പക്ഷേ എന്റെ ശബ്ദം ഇപ്പോഴും ശരിയായിട്ടില്ല. പകരം മോണ്‍സിഞ്ഞോര്‍ ബ്രൈഡ ആയിരിക്കും സന്ദേശം വായിക്കുന്നത്'' ആഗമനകാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ സന്ദേശത്തിനിടെ മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ ആഞ്ചലൂസ് സന്ദേശങ്ങള്‍ സാധാരണയായി തയ്യാറാക്കുന്നത് മോണ്‍സിഞ്ഞോര്‍ ബ്രൈഡയാണ്.

പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും പരിശുദ്ധ പിതാവിനെ വിട്ടുമാറിയതായി വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും സുരക്ഷയെ കരുതിയാണ് പൊതുജനസമ്പര്‍ക്കം ഒഴിവാക്കുന്നത്. പുറത്തെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസം മാര്‍പ്പാപ്പയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടി(കോപ് 28)യില്‍ പങ്കെടുക്കേണ്ടതായിരുന്നു മാര്‍പാപ്പ. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് ഇതും ഒഴിവാക്കി. മാര്‍പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വത്തിക്കാന്‍ പ്രതിനിധി സംഘത്തെ സ്ഥാനത്ത് നയിച്ചു. ഡിസംബര്‍ 17 ന് പാപ്പയ്ക്ക് 87 വയസ് തികയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.