പാലാ: മലയാളികള്‍ ഒരിക്കലും മറക്കാത്ത സുരേഷ് ഗോപി കഥാപാത്രമാണ് ആനക്കാട്ടില്‍ ചാക്കോച്ചി. 'എന്റെ കുരിശുപള്ളി മാതാവേ' എന്ന ചാക്കോച്ചിയുടെ വിളിയും അങ്ങനെ തന്നെ ആയിരുന്നു.
ഇപ്പോള്‍ മകളുടെ കല്യാണം ഗുരുവായൂര്‍ ക്ഷേത്രത്തിലാണെങ്കിലും പാലാ കുരിശുപള്ളിയിലെ മാതാവിന്റെ അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തി. അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ച് മകള്‍ക്കായി പ്രാര്‍ത്ഥിക്കാനാണ് ഇരുവരും എത്തിയത്.
ജനുവരി 17ന് ഗുരുവായൂരിലാണ് താലികെട്ട്. ഇന്നലെ രാത്രി ഏഴേകാലോടെയാണ് ഇരുവരും പള്ളിയില്‍ എത്തിയത്. പാലായില്‍ വരുമ്പോഴെല്ലാം മാതാവിന് മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ. തിരുനാളിന് എത്തുന്നത് ആദ്യമായാണെന്ന് അദേഹം പറഞ്ഞു. സുഹൃത്ത് ബിജു പുളിക്കക്കണ്ടവും ഒപ്പമുണ്ടായിരുന്നു. വികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തില്‍, ഫാ. ജോസ് കാക്കല്ലില്‍ എന്നിവര്‍ സ്വീകരിച്ചു.
കൊല്ലം തങ്കശേരി ഇന്‍ഫന്റ് ജീസസ് കോണ്‍വെന്റിലായിരുന്നു സുരേഷ് ഗോപിയുടെ സ്‌കൂള്‍ പഠനം. പുലര്‍ച്ചെ മാതാവിനോടുള്ള പ്രാര്‍ത്ഥനയായി കൊന്ത ചൊല്ലണമായിരുന്നു. അത് ഇന്നും മനപാഠമാണെന്ന് അദേഹം പറയുന്നു.
പാലായിലെ പരിശുദ്ധ അമ്മയോടുള്ള സ്നേഹം തുടങ്ങുന്നത് ലേലം സിനിമ മുതലാണ്. അതിലെ ഒരു ഡയലോഗ് 'എന്റെ പുണ്യാളച്ചാ' എന്നായിരുന്നു. സുഹൃത്തും അക്കാലത്തെ സിനിമാ പ്രവര്‍ത്തകനുമായ ബിജു പുളിക്കക്കണ്ടമാണ് 'എന്റെ കുരിശുപള്ളി മാതാവേ' എന്നാക്കാമെന്ന് അഭിപ്രായപ്പെട്ടത്. സിനിമയില്‍ ഒരു ഡസനോളം സ്ഥലത്ത് എന്റെ കുരിശുപള്ളി മാതാവേ എന്ന് സുരേഷ് ഗോപിയുടെ കഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചി പറയുന്നുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ഗരുഡന്‍ സിനിമയിലും അഭിനയിക്കും മുമ്പ് മാതാവിനോട് പ്രാര്‍ത്ഥിക്കാനായി അദേഹം എത്തിയിരുന്നു.
സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ പാലായിലും പരിസരങ്ങളിലുമായാണ് ചിത്രീകരിച്ചത്. ചിത്രത്തിലെ ആദ്യ ഷോട്ടെടുത്തത് പാലാ പള്ളിയുടെ മുന്‍പിലായിരുന്നു. ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്‍ കഥാപാത്രമായാണ് താരം എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.