തിരുവനന്തപുരം: വിവാഹത്തിന് വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ ഭാഗമായി ബന്ധുക്കളുടെ മൊഴിയെടുത്തു.
ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാല്‍ സുഹൃത്തായ യുവാവ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് മൂലമുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ഡോ.ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ആരോപണ വിധേയനായ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും വേണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതുപോര കാര്‍ ബിഎംഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചു നിന്നു.
പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസിക പ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സ്ത്രീധനം നല്‍കാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിയിരുന്നു. അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ സുഹൃത്ത് പി.ജി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയുടെ സംസ്ഥാന നേതാവാണ്. രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള ഇവരുടെ കുടുംബം കേസ് തേച്ചുമായ്ച്ച് കളയുമെന്ന ഭയത്തിലാണ് യുവതിയുടെ കുടുംബം.
വിവാഹം നിശ്ചയിച്ച സുഹൃത്തുമായി ഷഹ്ന ഒരു വര്‍ഷത്തിലധികമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇത്രയും അടുപ്പമുള്ള ആള്‍ പണത്തിന് വേണ്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ഷഹ്നയെ മാനസികമായി തളര്‍ത്തിയത്. വിഷയത്തില്‍ ബന്ധുക്കള്‍ യുവാവിന്റെ കുടുംബത്തിനെതിരെ പ്രത്യേകം പരാതി നല്‍കിയേക്കുമെന്നാണ് സൂചന.
രണ്ട് വര്‍ഷം മുന്‍പാണ് ഷഹ്നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്. രണ്ട് സഹോദരങ്ങളുമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി വിദ്യാര്‍ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിത ഡോസില്‍ അനസ്‌തേഷ്യ കുത്തിവച്ചതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.