ന്യൂയോര്‍ക്ക്: സൂര്യന്റെ ഉപരിതലത്തില്‍ ഭൂമിയുടെ വ്യാസത്തിന്റെ 60 മടങ്ങ് വലിപ്പത്തില്‍ ഭീമാകാരമായ ദ്വാരം കണ്ടെത്തിയതായി നാസ. വെറും 24 മണിക്കൂറിനുള്ളില്‍ 8,00,000 കിലോമീറ്ററിലേക്ക് അതിവേഗം വികസിച്ച രീതിയിലാണ് ഈ സൗര ദ്വാരം കണ്ടെത്തിയതെന്ന് നാസ വ്യക്തമാക്കി.
കൊറോണല്‍ ഹോള്‍സ് എന്നറിയപ്പെടുന്ന ദ്വാരം സൂര്യന്റെ മധ്യരേഖയ്ക്കു സമീപമാണ് പ്രത്യക്ഷപ്പെട്ടത്. വേഗതയേറിയ സൗരകാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോഴാണ് 'കൊറോണല്‍ ഹോള്‍സ്' രൂപം കൊള്ളുന്നത്. സൂര്യനെ നിരന്തരം നിരീക്ഷിക്കുന്ന നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി പിടിച്ചെടുത്ത ചിത്രങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഏകദേശം 60 ഭൂമികളെ കൊള്ളാവുന്നത്ര വലിപ്പമുള്ള ദ്വാരമാണിത്.
സൂര്യനില്‍ നടക്കുന്ന ചില പ്രതിഭാസങ്ങളുടെ ഭാഗമായാണ് ഈ ശ്രദ്ധേയമായ കണ്ടെത്തലുണ്ടായത്. ചിത്രങ്ങളില്‍ ഈ ദ്വാരം കറുപ്പ് നിറത്തിലാണുള്ളത്. കാരണം ചുറ്റുപാടുകളെ അപേക്ഷിച്ച് ഈ ഭാഗങ്ങളില്‍ ചൂട് കുറവാണ്. ഡിസംബര്‍ നാല് മുതല്‍ ഇവിടെനിന്നും ശക്തമായി സൗരവാതങ്ങള്‍ ഭൂമിയിലേക്ക് വരുന്നുണ്ട്. ഇത് ഭൂമിയുടെ കാന്തികക്ഷേത്രത്തിന് വലിയ തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
സൗരപ്രതലത്തില്‍ നിന്നുള്ള പിണ്ഡത്തിന്റെയും ഊര്‍ജത്തിന്റെയും പലതരം പൊട്ടിത്തെറികളാണ് സോളാര്‍ കൊടുങ്കാറ്റുകളായി മാറുന്നത്. അത് ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. സൗര്യനിലുണ്ടായ ഈ പ്രതിഭാസങ്ങള്‍ ഭൂമിയില്‍ സാധാരണ ധ്രുവ ദീപ്തികള്‍ ഉണ്ടാകാത്ത സ്ഥലങ്ങളില്‍ പോലും മനോഹരമായ ധ്രുവദീപ്തിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.
എന്നാല്‍ എത്രദിവസം വരെ ഇത്തരത്തില്‍ സൗരപ്രതലത്തില്‍ സൗരദ്വാരങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ഉറപ്പില്ല. ഇതിനുമുമ്പ് ഇത്തരത്തില്‍ കണ്ടെത്തപ്പെട്ട ഒരു കൊറോണല്‍ ഹോള്‍ 27 ദിവസത്തോളം നിലനിന്നിരുന്നതായും നാസ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.