നൂറിലധികം ഹമാസ് ഭീകരര്‍ ഇസ്രയേല്‍ സൈന്യത്തിനു കീഴടങ്ങിയെന്ന് റിപ്പോര്‍ട്ട്

നൂറിലധികം ഹമാസ് ഭീകരര്‍ ഇസ്രയേല്‍ സൈന്യത്തിനു കീഴടങ്ങിയെന്ന് റിപ്പോര്‍ട്ട്

ഗാസ: മാസങ്ങള്‍ നീണ്ട കനത്ത യുദ്ധത്തിന് ഒടുവില്‍ നിരവധി ഹമാസ് ഭീകരര്‍ ഇസ്രയേല്‍ സൈന്യത്തിന് കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ഗാസയുടെ അടുത്ത പ്രദേശങ്ങളിലാണ് ഹമാസ് ഭീകരരുടെ സംഘങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന് കീഴടങ്ങിയതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വിഡിയോകള്‍ അനുസരിച്ച് നൂറുകണക്കിന് ഹമാസ് ഭീകരരാണ് കീഴടങ്ങിയിരിക്കുന്നത്. ജബാലിയ, ഖാന്‍ യൂനിസ് അടക്കം പാലസ്തീന്റെ വിവിധ പ്രദേശങ്ങളിലായി ഹമാസ് ഭീകരര്‍ സൈന്യത്തിനു കീഴടങ്ങിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു.

അര്‍ധനഗ്നരായ പുരുഷന്‍മാര്‍ അടിവസ്ത്രം മാത്രം ധരിച്ച് കണ്ണ് കെട്ടിയും കൈകള്‍ പുറകില്‍ കെട്ടിയും ഇരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇസ്രയേലിന്റെ സൈന്യവാഹനങ്ങളില്‍ അര്‍ധനഗ്നരായി ഇവരെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈയടുത്ത ദിവസങ്ങളില്‍ ഇസ്രയേല്‍ യുദ്ധം കൂടുതല്‍ ശക്തമാക്കിയിരുന്നു. ഹമാസ് ഭീകരര്‍ക്ക് ഏറെ തന്ത്രപ്രധാനമായ ഖാന്‍ യൂനിസ് പട്ടണം സൈന്യം വളയുകയും ചെയ്തു. ഇതോടെയാണ് ഹമാസ് സംഘങ്ങള്‍ കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

യഹ്യ സിന്‍വര്‍, ദേയിഫ് അടക്കം പല ഹമാസ് നേതാക്കളുടെയും ജന്മനാടാണ് ഖാന്‍ യൂനിസ്. യഹ്യ സിന്‍വറിന്റെ ഖാന്‍ യൂനിസിലെ വീട് സൈന്യം വളഞ്ഞതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നൂറിലധികം ഹമാസ് ഭീകരരാണ് കീഴടങ്ങിയിരിക്കുന്നത്. ഹമാസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കീഴടങ്ങലാണിതെന്ന് ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു.

നിരവധി ആയുധങ്ങളും രഹസ്യ രേഖകളും ഭീകരരുടെ പക്കല്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേല്‍ സൈന്യം ഇതുവരെ ഔദ്യോഗികമായി ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

അതേ സമയം, ഭീകരരുടെ കൂട്ടത്തോടെയുള്ള കീഴടങ്ങല്‍ മാസങ്ങള്‍ നീണ്ട യുദ്ധത്തിന് ശേഷം പ്രദേശത്ത് സമാധാന അന്തരീക്ഷം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളില്‍ കൂടുതല്‍ കീഴടങ്ങലുകള്‍ ഉണ്ടായേക്കാമെന്നുമാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.