അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരണപ്പെട്ടത് 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

 അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരണപ്പെട്ടത് 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. 2018 മുതലുള്ള കണക്ക് പ്രകാരം 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശത്ത് മരിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

34 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് കാനഡയിലാണ്. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018 മുതല്‍ കാനഡയില്‍ 91 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. യു.കെ (48), റഷ്യ (40), അമേരിക്ക (36), ഓസ്ട്രേലിയ (35), ഉക്രെയ്ന്‍ (21), ജര്‍മ്മനി (20), സൈപ്രസ് (14), ഇറ്റലിയിലും ഫിലിപ്പീന്‍സിലും പത്ത് വീതവുമാണ് മരണപ്പെട്ടിരിക്കുന്നത്.

വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനകളിലൊന്നാണ് ഇതെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. വ്യക്തിഗത കേസുകള്‍ കൈകാര്യം ചെയ്യുമെന്നും ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനായി മിഷന്‍ മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പതിവായി കോളജുകളും സര്‍വകലാശാലകളും സന്ദര്‍ശിക്കുകയും അവിടെ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് വി. മുരളീധരന്‍ പറഞ്ഞു.

അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണ നിരക്ക് കൂടുതലാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധാരാളം കുട്ടികള്‍ വിദേശത്ത് പഠിക്കാന്‍ പോകുന്നുണ്ട് എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.