കാനഡയില്‍ ഹിന്ദി സിനിമാ പ്രദര്‍ശനത്തിനിടെ അജ്ഞാത രാസവസ്തു പ്രയോഗം; കാണികള്‍ക്ക് ചുമയും ശ്വാസതടസവും: അന്വേഷണം

കാനഡയില്‍ ഹിന്ദി സിനിമാ പ്രദര്‍ശനത്തിനിടെ അജ്ഞാത രാസവസ്തു പ്രയോഗം; കാണികള്‍ക്ക് ചുമയും ശ്വാസതടസവും: അന്വേഷണം

ടൊറന്റോ: കാനഡയില്‍ ഹിന്ദി സിനിമ പ്രദര്‍ശിപ്പിച്ച തീയറ്ററുകളില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം അജ്ഞാത വസ്തു സ്‌പ്രേ ചെയ്തതായി റിപ്പോര്‍ട്ട്. തീയറ്ററില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് തീയറ്ററുകള്‍ എല്ലാം ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം മൂന്നു തിയറ്ററുകളിലാണ് ഒരേ രീതിയിലുള്ള സംഭവം നടന്നത്.

വോഗനിലുള്ള സിനിമാ കോംപ്ലക്‌സ്, ബ്രാംപ്റ്റണിലെ തീയറ്റര്‍, സ്‌കാര്‍ബോറോ ടൗണ്‍ സെന്ററിലെ തീയറ്റര്‍ എന്നിവിടങ്ങളിലാണ് അജ്ഞാത സംഘം പൊടി വിതറിയത്. വോഗനില്‍ മാസ്‌കും തലമൂടിയുള്ള വസ്ത്രവും ധരിച്ചെത്തിയ രണ്ടു പേര്‍ തീയറ്ററിനുള്ളില്‍ അജ്ഞാത വസ്തുക്കള്‍ സ്‌പ്രേ ചെയ്തു. അല്‍പ്പ സമയത്തിനകം തീയറ്ററിനുള്ളിലുണ്ടായിരുന്നവര്‍ക്ക് ചുമയും ശ്വാസതടസവും അനുഭവപ്പെട്ടു. പൊലീസ് എത്തുന്നതിന് മുമ്പ് സംഘം രക്ഷപ്പെടുകയും ചെയ്തു.

ഏകദേശം ഇരുന്നൂറോളം പേരാണ് സിനിമ കാണാന്‍ തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.

മൂന്നു സംഭവങ്ങളും മൂന്നു മണിക്കൂറിന്റെ ഇടവേളയിലാണ് നടന്നതെന്നാണ് വിവരം. ഇവ തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.