മെല്‍ബണ്‍: മെല്‍ബണില്‍ പെയിന്റ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു തൊഴിലാളിയെ കാണാതായി. രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഡാന്‍ഡെനോങ് സൗത്തിലുള്ള പെയിന്റ് ഫാക്ടറിയില്‍ പ്രാദേശിക സമയം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് രണ്ടാമതൊരു ഫാക്ടറിയിലേക്കും പടര്‍ന്നു. സംഭവസ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഫാക്ടറികളില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു.
120ലധികം അഗ്‌നിശമന സേനാംഗങ്ങളാണ് തീ അണയ്ക്കാനായി പരിശ്രമിച്ചത്. ഒന്നിലധികം പൊട്ടിത്തെറികള്‍ ഉണ്ടായതോടെ ഡാന്‍ഡെനോങ് സൗത്ത് നിവാസികളോടും സുരക്ഷിത സ്ഥാനത്ത് അഭയം പ്രാപിക്കാനുള്ള മുന്നറിയിപ്പ് നല്‍കി.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രണവിധേയമായതായി ഫയര്‍ റെസ്‌ക്യൂ വിക്ടോറിയ (എഫ്ആര്‍വി) പറഞ്ഞു. നാല്‍പതു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിരുന്നു.
ശരീരത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ പൊള്ളലോടെ 60 വയസുകാരനെ ആല്‍ഫ്രഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30-നും 40-നും ഇടയില്‍ പ്രായമുള്ള മറ്റ് രണ്ട് പുരുഷന്മാരെ ഡാന്‍ഡെനോങ് ആശുപത്രിയിലേക്കും കൊണ്ടുപോയി. പ്രദേശത്തെ റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
തീപിടിത്തത്തിന്റെ പ്രാഥമിക കാരണം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും രാസവസ്തുക്കള്‍ അടങ്ങിയ ഒരു ട്രക്ക് ഫാക്ടറിയിലേക്ക് എത്തുമ്പോഴാണ് തീപിടുത്തമുണ്ടായതെന്നാണ് അനുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26