ന്യൂഡല്‍ഹി: ഇന്ത്യന്‍ യുദ്ധ വിമാനങ്ങളില്‍ ഡിജിറ്റല്‍ മാപ്പുകള്‍ വരുന്നു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് ശത്രുവില്‍ നിന്ന് രക്ഷ നേടാനും പ്രതിരോധം ശക്തമാക്കാനുമായി ഡിജിറ്റല്‍ മാപ്പുകള്‍ സജ്ജമാക്കുന്നത്. ദിശ തെറ്റാതിരിക്കാന്‍ പൈലറ്റുമാരെ സഹായിക്കാനും ഇവയ്ക്ക് കഴിയുമെന്ന് എച്ച്എഎല്‍ എന്‍ജിനീയറിങ് ആന്‍ഡ് ആര്‍ ആന്‍ഡ് ഡി ഡയറക്ടര്‍ ഡി.കെ സുനില്‍ വ്യക്തമാക്കി.
പൈലറ്റുമാര്‍ക്ക് അവരുടെ കോക്ക്പിറ്റ് ഡിസ്‌പ്ലേയില്‍ മാപ്പ് പരിശോധിക്കാന്‍ കഴിയും. ഇത് നാവിഗേഷനെ സഹായിക്കും. 2ഡി, 3ഡി ക്വാളിറ്റിയില്‍ മാപ്പ് ലഭ്യമാകും. കുന്നിന്‍ പ്രദേശത്താണ് പൈലറ്റുമാര്‍ എത്തുന്നതെങ്കില്‍ മുന്നറിയിപ്പ് ലഭിക്കും. അതുകൊണ്ട് തന്നെ അപകടമുണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. ശത്രുക്കളുടെ സൈനിക ഒളിത്താവളങ്ങളെ കുറിച്ചും മറ്റ് പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും ഉള്ള മുന്നറിയിപ്പുകള്‍ ഈ സംവിധാനം വഴി ലഭിക്കുമെന്നും ഡി.കെ സുനില്‍ വ്യക്തമാക്കി.
കൂടാതെ പ്രതിരോധ മേഖലയുടെ സ്വയം പര്യാപ്ത വര്‍ധിപ്പിക്കുന്നതിന് ഡിജിറ്റല്‍ മാപ്പുകള്‍ സഹായിക്കും. ആദ്യഘട്ടത്തില്‍ യുദ്ധ വിമാനങ്ങളിലാകും ഇവ സജ്ജമാക്കുക. ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ഇത്തരം ഭൂപടങ്ങള്‍ സ്വയം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുള്ളു. എല്ലാ വിമാനങ്ങളിലും ഇവ ഘടിപ്പിക്കും. ഡിജിറ്റല്‍ മാപ്പിന്റെ എല്ലാ ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും രാജ്യത്ത് തന്നെയാണ് നിര്‍മ്മിക്കുകയെന്നും സുനില്‍ സൂചിപ്പിച്ചു.
അബദ്ധത്തില്‍ പോലും ഒരു പൈലറ്റും അതിര്‍ത്തി കടക്കില്ല. പൈലറ്റുമാര്‍ക്കായി ഡിജിറ്റല്‍ മാപ്പ് നല്‍കുന്നതോടെ മാനുവല്‍ മാപ്പ് സംവിധാനം ഇനിയുണ്ടാകില്ലെന്നും എച്ച്എഎല്‍ ന്‍ജിനീയറിങ് ആന്‍ഡ് ആര്‍ ആന്‍ഡ് ഡി ഡയറക്ടര്‍ ഡി.കെ സുനില്‍ പറഞ്ഞു. ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ത്തമാന് സംഭവിച്ച പോലെ ഇനിയൊരു പൈലറ്റിനും ഇത്തരത്തമൊരു അനുഭവം ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് ഇതിന് പിന്നില്‍.
2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ശത്രു ജെറ്റിനെ തകര്‍ത്ത ശേഷം വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകര്‍ന്നിരുന്നു. ഇതിന് പിന്നാലെ അന്ന് വിങ് കമാന്‍ഡറായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്ഥാന്‍ സേനയുടെ പിടിയിലായി. മൂന്നു ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്. ഇത്തരം യുദ്ധ സാഹചര്യങ്ങളില്‍ അതിര്‍ത്തിക്കപ്പുറം കടക്കാതിരിക്കാന്‍ ഡിജിറ്റല്‍ മാപ്പുകള്‍ പൈലറ്റുമാരെ സഹായിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.