തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയിൽ ചേർന്ന സിപിഐ എക്സിക്യൂട്ടീവിലാണ് തീരുമാനം. പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വം നിലവിൽ രാജ്യസഭാ എം.പിയാണ്. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. ഇതിന്റെ ബാക്കിയുള്ള നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്ക് പോകുമെന്ന് ഡി.രാജ മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സയ്‌ക്ക് അവധിയെടുക്കുന്ന ഘട്ടത്തിൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു താൽക്കാലിക ചുമതല കൈമാറാൻ കാനം നിർദേശിച്ചിരുന്നു. കേന്ദ്ര സെക്രട്ടറിയറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം. 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെയായിരുന്നു കാനത്തിന്റെ വിടവാങ്ങൽ.
പാർട്ടി അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സി.പി.ഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കും. ഇടയ്ക്ക് വിമർശിക്കാറുണ്ടെങ്കിലും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നൽകിയ പിന്തുണയെ കുറിച്ച് നല്ല ബോധ്യം തനിക്കുണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം, കാനത്തിന്റെ ചികിത്സയ്ക്കായി അമൃത ആശുപത്രിയും ജീവനക്കാരും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.