വാഷിങ്ടണ്‍: ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി നാളെ അമേരിക്കയിലെത്തും. പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തും. യുദ്ധം ആരംഭിച്ചതിനുശേഷം ഇത് മൂന്നാം തവണയാണ് സെലന്‍സ്‌കി അമേരിക്കയിലെത്തുന്നത്. ഉക്രെയ്‌നില്‍ റഷ്യ കൂടുതല്‍ പിടിമുറുക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് സഹായം അഭ്യര്‍ത്ഥിച്ചുള്ള സെലന്‍സ്‌കിയുടെ സന്ദര്‍ശനം.
ഉക്രെയ്‌ന് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.എസ് കോണ്‍ഗ്രസില്‍ സ്തംഭനാവസ്ഥയിലായതിനെതുടര്‍ന്നാണ് സെലന്‍സ്‌കി വൈറ്റ് ഹൗസില്‍ എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിനു മുന്‍പ് അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചത്. എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ക്രിസ്മസ് അവധിയോടനുബന്ധിച്ച് അമേരിക്കന്‍ സെനറ്റംഗങ്ങളെ ലഭ്യമല്ലാതെ വരും എന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സെലന്‍സ്‌കിയുടെ അടിയന്തര സന്ദര്‍ശനം.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയും പാശ്ചാത്യ രാജ്യങ്ങളും ഗാസയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും മുങ്ങിപ്പോയിരിക്കുകയാണ്. ഉക്രെയ്‌നിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് സെലന്‍സ്‌കി അമേരിക്കയില്‍ എത്തുന്നത്. നിരന്തരമായി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ ഉക്രെയ്‌നില്‍ യാതൊരു ദയയുമില്ലാതെ ആക്രമണം തുടരുകയാണ്. ഇതിനു പരിഹാരം കാണാന്‍ അമേരിക്കയുടെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാനുമാണ് സെലന്‍സ്‌കി എത്തുന്നത്.
യുദ്ധം വിജയിക്കുന്നതിന് കൃത്യമായ തന്ത്രങ്ങള്‍ ഒന്നുമില്ലാതെ റഷ്യയുമായുള്ള ഉക്രെയ്ന്‍ യുദ്ധം യു.എസ് ദീര്‍ഘിപ്പിക്കുകയാണന്ന് ആരോപിച്ച് ഉക്രെയ്‌നുള്ള അധികസഹായത്തിന് അനുമതി നല്‍കുന്നത് റിപ്പബ്ലിക്കന്‍ എം.പിമാര്‍ തടഞ്ഞുവെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ അമേരിക്കന്‍ സെനറ്റര്‍മാരുടെ ഒരു യോഗത്തില്‍ സംസാരിക്കാന്‍ സെലന്‍സ്‌കിയെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റ് നേതാവ് മിച്ച് മക്കോണലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെനറ്ററായ ചക്ക് ഷൂമറും ചേര്‍ന്നാണ് സെലന്‍സ്‌കിയെ ക്ഷണിച്ചത്. യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സണുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തും.
യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്ന്റെ നിലവിലെ അവസ്ഥ അമേരിക്കന്‍ സെനറ്റര്‍മാരെ ബോധ്യപ്പെടുത്തി കൂടുതല്‍ സഹായം തേടാനാണ് സെലന്‍സ്‌കിയുടെ ശ്രമം. ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത പദ്ധതികള്‍ ഉള്‍പ്പെടെ, അടുത്ത വര്‍ഷവും പ്രതിരോധ സഹകരണം തുടരുന്നതു സംബന്ധിച്ച കാര്യങ്ങളും സെലന്‍സ്‌കിയും ബൈഡനും ചര്‍ച്ച ചെയ്യും.
'റഷ്യയുടെ അധിനിവേശത്തിനെതിരെ സ്വയം പ്രതിരോധിക്കുന്ന ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധത അടിവരയിടുന്നതിനാണ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച സംഘടിപ്പിക്കുന്നതെന്ന് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്ന്റെ അടിയന്തര ആവശ്യങ്ങളെക്കുറിച്ചും ഈ നിര്‍ണായക സാഹചര്യത്തില്‍ അമേരിക്കയുടെ തുടര്‍ച്ചയായ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.