തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളിലും നഗര സഭകളിലും 60 ചതുരശ്ര മീറ്റര്‍ (646 ചതുരശ്ര അടി) വരെയുള്ള വീടുകളെ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 646 ചതുരശ്ര അടി വരെയുള്ള വീടുകളെയാണ് വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയത്.
ഡ്യൂട്ടിക്കിടയില്‍ അത്യാഹിതങ്ങള്‍ സംഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലന്‍സ് കോടതി സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ കീഴില്‍ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാര പരിധി നല്‍കികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിനുമായി 13 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
കേരള റോഡ് ഫണ്ട് ബോര്‍ഡിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പില്‍ ഉണ്ടായ 71 ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന നിയമനം നടത്തും.
കണ്ണൂര്‍ വിമാനത്താവള കാറ്റഗറി ഒന്ന് ലൈറ്റിങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടു കിടക്കുന്നതും ഏറ്റെടുത്തതില്‍ ബാക്കി നില്‍ക്കുന്നതുമായ അഞ്ച് കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി സുരക്ഷ മുന്‍നിര്‍ത്തി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കി.
ഇതിനാവശ്യമായ ഫണ്ടിന് വിശദമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ധനകാര്യ വകുപ്പ് പരാമര്‍ശിക്കുന്ന 14 കുടുംബങ്ങളുടെ വസ്തു ഏറ്റെടുക്കുന്നതിന് തത്വത്തില്‍ തീരുമാനിച്ച് ആവശ്യമായ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് വിശദമായ ശുപാര്‍ശ സമര്‍പ്പിക്കുവാനും കലക്ടറെ ചുമതലപ്പെടുത്തി.
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ. ഹരികുമാറിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജി നൈനാന് പുനര്‍ നിയമനം നല്‍കാനും തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.