പാരീസ്: ഫ്രാന്‍സിലെ ഏറ്റവും വലിയ മുസ്ലിം ഹൈസ്‌കൂളിനുള്ള ധനസഹായം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂളിലെ അദ്ധ്യാപന രീതികള്‍ സംശയാസ്പദമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നീക്കം. 2003ല്‍ വടക്കന്‍ നഗരമായ ലീല്‍ എന്ന പ്രദേശത്താണ് ഫ്രാന്‍സിലെ ആദ്യത്തെ മുസ്ലിം ഹൈസ്‌കൂളായ അവെറോസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സ്വകാര്യ സ്‌കൂളില്‍ എണ്ണൂറിലേറെ കുട്ടികളാണ് പഠിക്കുന്നത്.
2008 മുതലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിച്ച് വന്നിരുന്നത്. മതാടിസ്ഥാനത്തിലുള്ള ക്ലാസുകളാണ് ഇവിടെ പ്രധാനമായും നടത്തി വന്നിരുന്നത്.
എന്നാല്‍ സ്‌കൂളിലെ ചില പഠനരീതികള്‍ രാജ്യതാത്്പര്യത്തിന് എതിരാണെന്ന് ആഭ്യന്തരമന്ത്രാലയം ഒക്ടോബറില്‍ പുറപ്പെടുവിച്ച രേഖകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് റിപ്പബ്ലിക്കന്‍ മൂല്യങ്ങളോടു പൊരുത്തപ്പെടുന്നതല്ല സ്‌കൂള്‍ പ്രവര്‍ത്തനമെന്നാണ് ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നത്. സ്‌കൂളിന്റെ സാമ്പത്തിക രേഖകള്‍ പരിശോധിച്ചപ്പോള്‍ ക്രമക്കേട് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കരാര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫീസില്‍ നിന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഈ തീരുമാനത്തെ അഡ്മിനിസ്ട്രേറ്റീവ് കോടതിയില്‍ ചോദ്യം ചെയ്യാനാണ് സ്‌കൂള്‍ ഉദ്ദേശിക്കുന്നതെന്നും അവെറോസ് ഹെഡ്മാസ്റ്റര്‍ എറിക് ഡുഫോര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് കിട്ടിയില്ലെങ്കില്‍ സ്‌കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ഡുഫോര്‍ പറയുന്നു.
സ്‌കൂള്‍ പ്രവര്‍ത്തന രഹിതമാകുന്ന പക്ഷം കുട്ടികളെ പഠിപ്പിക്കാന്‍ കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ പൊതുവിദ്യാലയങ്ങളില്‍ അബായ ധരിക്കുന്നതിന് ഫ്രാന്‍സിന്റെ വിദ്യാഭ്യാസ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.