ജാമ്യം അനുവദിച്ചാല്‍ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി; ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐക്കാര്‍ അഴിക്കുള്ളില്‍ തുടരും

 ജാമ്യം അനുവദിച്ചാല്‍ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി; ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐക്കാര്‍ അഴിക്കുള്ളില്‍ തുടരും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (മൂന്ന്) ആണ് ജാമ്യം തള്ളിയത്. ഈ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കോടതി വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണറെ തടഞ്ഞ് വച്ചിട്ടില്ലെന്നുമായിരുന്നു പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകരായ യദു കൃഷ്ണന്‍, അഷിഖ് പ്രദീപ്, ആര്‍.ജി ആഷിഷ്, ദിലീപ്, റയാന്‍, അമന്‍ ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മുമ്പാകെ വന്നത്. ഐപിസി 143, 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

ഗവര്‍ണറുടെ ആവശ്യ പ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. ഏഴ് വര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കും.

നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് ഐപിസി 143 അനുസരിച്ച് ആറുമാസം തടവോ പിഴയോ ലഭിക്കും. കലാപശ്രമത്തിന് ഐപിസി 147 അനുസരിച്ച് രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഐപിസി 353 അനുസരിച്ച് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കാം.

ഗവര്‍ണറുടെ വാഹനത്തിന് പൈലറ്റുപോയ പോലീസ് വാഹനം വേഗം കുറച്ചതും പോലീസുകാര്‍ വാഹനത്തില്‍ നിന്നിറങ്ങിയതും എസ്എഫ്‌ഐക്കാരായ പ്രതിഷേധക്കാര്‍ക്ക് അനുകൂലമായെന്നാണ് പൊലീസ് വിലയിരുത്തല്‍. പൈലറ്റ് വാഹനം വേഗം കുറച്ചത് ഗവര്‍ണറുടെ വാഹനത്തിന്റെ വേഗം കുറയുന്നതിനും സമരക്കാര്‍ക്ക് വാഹനത്തില്‍ അടിക്കുന്നതിനും അവസരമുണ്ടാക്കി.

ഇക്കാര്യം സ്ഥിരീകരിക്കുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ സംഭവം നടന്നതിന് സമീപത്തുള്ള ഹോട്ടലില്‍ നിന്ന് പോലീസ് ശേഖരിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ചാടിവീണതിനാലാണ് പൈലറ്റ് വാഹനത്തിന് നിര്‍ത്തേണ്ടി വന്നതെന്ന വിശദീകരണമാണ് ബന്ധപ്പെട്ട പൊലീസുകാര്‍ നല്‍കുന്നത്.

ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധമുണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയ മൂന്നിടങ്ങളിലും കനത്ത പോലീസ് വിന്യാസം ഉണ്ടായിരുന്നു. സര്‍വകലാശാല ലൈബ്രറിക്ക് സമീപം ഹോട്ടലുകളുള്ള ഭാഗത്ത് പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പില്ലാതിരുന്നതിനാല്‍ അവിടെ കൂടുതല്‍ പോലീസ് വിന്യാസം ഉണ്ടായില്ല.

അടിപ്പാതയുടെ തുടക്കത്തിലും സര്‍വകലാശാലയ്ക്ക് മുന്നിലും യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലുമായിരുന്നു പോലീസ് കൂടുതല്‍ ശ്രദ്ധിച്ചത്. ഗവര്‍ണറുടെ യാത്രാ പാത സംബന്ധിച്ച കൃത്യമായ അറിയിപ്പുണ്ടായിട്ടും കാര്യമായ രീതിയില്‍ സുരക്ഷയൊരുക്കാന്‍ പോലീസിനാകാത്തത് വീഴ്ചയായി കണക്കാക്കുന്നു. ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് ലഭിച്ച ശേഷമാകും കൂടുതല്‍ നടപടി.

എസ്എഫ്‌ഐ പ്രതിഷേധം തുടരുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിക്കും. കൂടുതല്‍ കമാന്‍ഡോകളെയും മറ്റും നല്‍കുന്നത് സംബന്ധിച്ച് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ അടുത്ത ദിവസം രാജ്ഭവന്‍ അധികൃതരുമായി ചര്‍ച്ച നടത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.