ജന്മദിനത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭജന്‍ലാല്‍ ശര്‍മ; മോഡിയും അമിത് ഷായും ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തു

ജന്മദിനത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭജന്‍ലാല്‍ ശര്‍മ; മോഡിയും അമിത് ഷായും ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്തു

ജയ്പൂര്‍: ജന്മദിനത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭജന്‍ലാല്‍ ശര്‍മ. കന്നി എംഎല്‍എയായ ഭജന്‍ലാല്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു.

ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയായ ഭജന്‍ലാലിന് ഇന്ന് 57 വയസ് തികയുകയാണ്. ദിയാകുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. ഹിന്ദിയിലായിരുന്നു മൂവരും സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പങ്കെടുത്തു.

ആര്‍എസ്എസുമായി വളരെ അടുത്ത ബന്ധമുള്ള ഭജന്‍ലാലിനെ ഡിസംബര്‍ 12 ന് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി പദത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണ് ബിജെപി കേന്ദ്ര നേതൃത്വം ഭജന്‍ലാലിന് അവസരം നല്‍കിയത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് തുടങ്ങി പാര്‍ട്ടിയുടെ മറ്റ് നിരവധി മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സന്യാസിമാരും ചടങ്ങില്‍ പങ്കെടുത്തു. ജയ്പൂരിലെ സംഗനേര്‍ മണ്ഡലത്തില്‍ നിന്ന് 48,081 വോട്ടുകള്‍ക്കായിരുന്നു ഭജന്‍ലാല്‍ ശര്‍മയുടെ വിജയം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.