'കഷകരുടെ ജീവത്യാഗം ലജ്ജിപ്പിക്കുന്നില്ല; ട്രാക്ടര്‍ റാലി സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നു' വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'കഷകരുടെ ജീവത്യാഗം ലജ്ജിപ്പിക്കുന്നില്ല;  ട്രാക്ടര്‍ റാലി സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നു'  വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം.

റിപ്പബ്ലിക് ദിന പരേഡ് തടസപ്പെടുന്ന സാഹചര്യം രാജ്യത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും പക്ഷോഭം ശക്തമാക്കുമെന്നും രാജ്യതലസ്ഥാനത്തും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും വന്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു.

'അന്ന ദാതാക്കളായ 60 കര്‍ഷകരുടെ ജീവത്യാഗം ലജ്ജിപ്പിക്കുന്നില്ല. എന്നാല്‍ ട്രാക്ടര്‍ റാലി സര്‍ക്കാരിന് അപമാനമുണ്ടാക്കുന്നു' - രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രക്ഷോഭം 50 ദിവസം പിന്നിട്ടപ്പോള്‍ 60 ലധികം കര്‍ഷകര്‍ മരിച്ചെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. ഇവരില്‍ പലരും ആത്മഹത്യ ചെയ്തതാണ്. കൊടും ശൈത്യത്തിനിടെ നടത്തിയ സമരം പലരുടെയും ജീവനെടുത്തു.

പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്ന് അടക്കമുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും കര്‍ഷക സമരത്തെ നേരത്തെ തന്നെ പിന്തുണച്ചിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യം.

പുതിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതി അവയെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതി അംഗങ്ങളായി നിശ്ചയിച്ച നാലുപേരും നേരത്തെ തന്നെ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് രംഗത്തെത്തിയവരാണെന്ന വിമര്‍ശനം കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.