രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹോട്സ്പോട്ടായി സൂററ്റ്

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹോട്സ്പോട്ടായി സൂററ്റ്

ന്യൂഡല്‍ഹി: രാജ്യത്തെ സൈബര്‍ ക്രൈം ഹോട്സ്പോട്ടായി ഗുജറാത്തിലെ സൂററ്റ് മാറുന്നുവന്ന് ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്‍. ഗുജറാത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സൂററ്റിലാണ്. സംസ്ഥാനത്തെ മൊത്തം സൈബര്‍ കുറ്റകൃത്യങ്ങള്‍ എടുത്താല്‍ അതിന്റെ 26 ശതമാനവും സംഭവിച്ചിരിക്കുന്നത് സൂററ്റിലാണെന്നാണ് ഐഐടി കാണ്‍പൂര്‍ നടത്തുന്ന ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പറയുന്നത്.

സൂററ്റിന് പുറമെ 18 സംസ്ഥാനങ്ങളില്‍ നിന്നായി 83 ചെറു പട്ടണങ്ങളും നഗരങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഫൗണ്ടേഷന്റെ പഠനം വ്യക്തമാക്കുന്നു. 2020 മുതല്‍ 2023 ജൂണ്‍ വരെ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ ക്രൈം കേസുകള്‍ വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉള്ളത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, ഹാക്കിങ്, ആള്‍മാറാട്ടം എന്നിവയാണ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയ സര്‍വ സാധാരണയായി നടക്കുന്ന കുറ്റകൃത്യങ്ങള്‍.

2022 ല്‍ മാത്രം സൂററ്റില്‍ റിപ്പോര്‍ട്ട് ചെയ്തത് 371 കേസുകളാണ്. ഇതേ വര്‍ഷം അഹമ്മദാബാദില്‍ 261 കേസുകളും ബറോഡയില്‍ 55 കേസുകളും രാജ്കോട്ടില്‍ 38 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കച്ച് വെസ്റ്റ്, ഖേദ ജില്ലകളാണ് മറ്റ് ദുര്‍ബല മേഖലകള്‍. ഇതേ കാലയളവില്‍ അഹമ്മദാബാദ് റൂറലില്‍ 20 സൈബര്‍ ക്രൈം കേസുകളും രാജ്കോട്ട് റൂറലില്‍ 13 കേസുകളും സൂററ്റ് റൂറലില്‍ 18 കേസുകളും വഡോദര റൂറലില്‍ 15 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം സൈബര്‍ റേഞ്ച് അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ അഹമ്മദാബാദ് റേഞ്ചില്‍ മാത്രം 35 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്കോട്ടില്‍ മൂന്ന് കേസുകളും സൂററ്റ്, ബറോഡ സൈബര്‍ റേഞ്ചുകളില്‍ എട്ട് കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സൂററ്റില്‍ ആളുകള്‍ പലപ്പോഴും സൈബര്‍ കുറ്റകൃത്യത്തിന് ഇരകളാകുന്നു എന്നുപോലും തിരിച്ചറിയുന്നില്ല എന്നാണ് സൈബര്‍ ക്രൈംബ്രാഞ്ച് എസിപി യുവരാജ് സിങ് ഗോഹില്‍ പറയുന്നത്. സൂററ്റില്‍ പലരും ബിസിനസിന് ഒപ്പം പല ലാഭകരമായ ജോലികളും ചെയ്യുന്നുണ്ട്. പലപ്പോഴും ആളുകള്‍, തങ്ങള്‍ സൈബര്‍ ക്രൈമിന് ഇരകളാകുന്നു എന്നുപോലും തിരിച്ചറിയുന്നില്ല.

ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ പലരും തട്ടിപ്പിന് ഇരയായാല്‍ പരാതി നല്‍കാന്‍ കൂട്ടാക്കാറില്ല. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഒട്ടേറെ കാമ്പയിനുകള്‍ തങ്ങള്‍ നടത്തുന്നുണ്ട്. സൂറത്തില്‍ നടന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ 90 ശതമാനവും തങ്ങള്‍ കണ്ടെത്തിയെന്ന് എസിപി യുവരാജ് സിങ് ഗോഹില്‍ പറയുന്നു.

രണ്ട് വര്‍ഷം മുന്‍പ് രാജ്യത്തെ 40 ല്‍ അധികം പ്രശസ്തമായ ആശുപത്രികളുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ച നൈജീരിയന്‍ വംശജന്‍ അറസ്റ്റിലായിരുന്നു. കോടികള്‍ ആണ് ഇയാളും കൂട്ടാളികളും ചേര്‍ന്ന് തട്ടിയെടുത്തത്. സൂററ്റ് സ്വദേശിയായ യുവാവും ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. സൂററ്റ് പൊ ലീസിന്റെ സൈബര്‍ വിങ്ങാണ് ബംഗളൂരുവില്‍ നിന്ന് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

ജാര്‍ഖണ്ഡിലെ ജംതാര മേഖലയില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘത്തെയും സൂററ്റ് പൊലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൊറിയര്‍ കമ്പനിയുടെ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഗൂഗിളില്‍ പോസ്റ്റ് ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. സംഘം 744 പേരില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.