അമേരിക്കയിലെ അയോവ സ്റ്റേറ്റ് കാപ്പിറ്റോളില്‍ പ്രദര്‍ശിപ്പിച്ച സാത്താനിക പ്രതിമ തകര്‍ത്ത നിലയില്‍; അറസ്റ്റിലായ യുവാവിന് നിയമസഹായവുമായി സംഘടനകള്‍

അമേരിക്കയിലെ അയോവ സ്റ്റേറ്റ് കാപ്പിറ്റോളില്‍ പ്രദര്‍ശിപ്പിച്ച സാത്താനിക പ്രതിമ തകര്‍ത്ത നിലയില്‍; അറസ്റ്റിലായ യുവാവിന് നിയമസഹായവുമായി സംഘടനകള്‍

അയോവ: അമേരിക്കയിലെ അയോവ സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാപ്പിറ്റോളില്‍ സ്ഥാപിച്ച പൈശാചിക പ്രദര്‍ശനം യുവാവ് നശിപ്പിച്ചു. സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ പൈശാചിക പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരവേയാണ് ആക്രമണമുണ്ടാകുന്നത്. സാത്താനിക് ടെംപിള്‍ എന്ന് വിശേഷിപ്പിക്കുന്ന പൈശാചിക സംഘടനയാണ് പ്രദര്‍ശനം ഒരുക്കിയിരുന്നത്.

സാത്താന്റെ പ്രതീകമായ, വെള്ളിനിറത്തില്‍ ചുവന്ന തൊപ്പിധരിച്ച് ആടിന്റെ തലയോടുകൂടിയ പൈശാചിക രൂപമാണ് നശിപ്പിച്ചത്. പ്രതിമയ്ക്കു ചുറ്റും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരിക്കുകയും ചെയ്തിരുന്നു. സാത്താനിക അടയാളമായ തലകീഴായ പെന്റാഗ്രാമും പ്രതിമയുടെ കയ്യിലുണ്ട്. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇത്തരമൊരു പ്രദര്‍ശനം അനുവദിക്കുന്നതിന്റെ നിയമസാധുത റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ ചോദ്യം ചെയ്തിരുന്നു. പൈശാചിക പ്രദര്‍ശനത്തിനെതിരേ ജനരോഷവും വ്യാപകമായി ഉയര്‍ന്നിരുന്നു.

അതിനിടെയാണ് 35 വയസുകാരനായ മൈക്കല്‍ കാസിഡി പ്രതിമയുടെ തലവെട്ടിയത്. അറസ്റ്റിലായ മൈക്കല്‍ കാസിഡിക്കെതിരെ നാലാം ഡിഗ്രി ക്രിമിനല്‍ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് അയോവ സ്റ്റേറ്റ് പോലീസിന്റെ വക്താവ് അറിയിച്ചു. യുവാവിന്റെ അറസ്റ്റിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. മുന്‍ യുഎസ് നേവി പൈലറ്റായ മൈക്കല്‍ കാസിഡി പൈശാചിക പ്രതിമ തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രതിമ അങ്ങേയറ്റം ക്രൈസ്തവ വിരുദ്ധമായിരുന്നുവെന്ന് കാസിഡി മാധ്യമങ്ങളോടു പറഞ്ഞു.

മതസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് സ്ഥാപിക്കപ്പെട്ട പ്രതിമ സ്റ്റേറ്റ് ക്യാപ്പിറ്റോളിലെത്തുന്ന നിരവധി ക്രൈസ്തവ വിശ്വാസികളെ അസ്വസ്ഥതതപ്പെടുത്തിയിരുന്നു. സമൂഹത്തില്‍ അരാജകത്വം വളര്‍ത്താനുള്ള സാത്താനിക് ടെംപിള്‍ സംഘടനയുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. പ്രദര്‍ശനത്തെ നിയമപരമായി നിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് പ്രതിമ നശിപ്പിക്കപ്പെട്ടത്.

ക്രിമിനല്‍ നിയമനടപടികള്‍ നേരിടുന്ന മൈക്കല്‍ കാസിഡിയെ സഹായിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കാസിഡിയുടെ നിയമ പോരാട്ടത്തെ സഹായിക്കാന്‍ 10,000 ഡോളര്‍ സംഭാവന നല്‍കുമെന്ന് ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകന്‍ ചാര്‍ളി കിര്‍ക്ക് പറഞ്ഞു. അയോവ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കിം റെയ്നോള്‍ഡ്സ് പൈശാചിക പ്രദര്‍ശനത്തെ അപലപിച്ചിരുന്നു. നിരവധി പേരാണ് മൈക്കല്‍ കാസിഡിക്ക് പിന്തുണയുമായി രംഗത്തു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.