ബ്രസീലില്‍ യുവ സുവിശേഷ ഗായകന്‍ ലൈവ് പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ബ്രസീലില്‍ യുവ സുവിശേഷ ഗായകന്‍ ലൈവ് പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

റയോ ഡി ജനീറോ: ബ്രസീലില്‍ ലൈവ് സംഗീത പരിപാടിക്കിടെ യുവ സുവിശേഷ ഗായകന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിയന്‍ സുവിശേഷ ഗായകനായ പെഡ്രോ ഹെന്റിക്കാണ് ലൈവ് പെര്‍ഫോര്‍മന്‍സിനിടെ മരിച്ചത്.

ബ്രസീലിലെ വടക്കുകിഴക്കന്‍ നഗരമായ ഫെയ്‌റ ഡി സാന്റാനയിലെ പരിപാടിക്കിടിയില്‍ തന്റെ ഹിറ്റ് ഗാനമായ 'വയ് സേര്‍ തയാവോ ലിന്‍ഡോ' ആലപിക്കവെയാണ് 30കാരനായ പെഡ്രോ കുഴഞ്ഞുവീണത്. ഗാനം പകുതിയെത്തിയപ്പോഴാണ് പാടിക്കൊണ്ടിരിക്കെ പിന്നിലേക്ക് കുഴഞ്ഞുവീണത്. സ്റ്റേജിന്റെ മുന്നില്‍നിന്ന് പാടുന്നതിനൊപ്പം കാണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. പരിപാടി ആയിരങ്ങള്‍ ഓണ്‍ലൈനായും കണ്ടുകൊണ്ടിരിക്കവേയാണ് അപകടമുണ്ടായത്.

ബാന്‍ഡ് സംഘത്തിലെ അംഗങ്ങളും ചടങ്ങിനെത്തിയ നൂറുകണക്കിനാളുകളും ഞെട്ടിത്തരിച്ചുനില്‍ക്കേ, സംഘാടകര്‍ ഓടിയെത്തി പെഡ്രോയെ ഉടന്‍ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പെഡ്രോയുടെ ബാന്‍ഡ് സംഘം പിന്നീട് അറിയിച്ചു. പരിപാടിക്കിടെ അദ്ദേഹം കുഴഞ്ഞുവീഴുന്ന രംഗങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

'ജീവിതത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ കഴിയാത്ത ഇത്തരം ദുര്‍ഘട നിമിഷങ്ങളുണ്ടാകാറുണ്ട്. ദൈവത്തിന്റെ തീരുമാനം അംഗീകരിക്കുകയെന്നതു മാത്രമേ നമുക്ക് ചെയ്യാനുള്ളൂ' -ടോദാ മ്യൂസിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹെന്റിക് വളരെ ഊര്‍ജസ്വലനായ ചെറുപ്പക്കാരനായിരുന്നു. എല്ലാവരുടെയും സുഹൃത്തുമായിരുന്നു അവന്‍' -കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പെഡ്രോക്ക് ഭാര്യയും ഒരു മകളുമുണ്ട്. ഒക്ടോബര്‍ 19നാണ് മകള്‍ സോ ജനിച്ചത്.

മൂന്നാം വയസ് മുതല്‍ പെഡ്രോ സ്റ്റേജ് പെര്‍ഫോമന്‍സ് ആരംഭിച്ചിരുന്നു. 2015 മുതലാണ് അദ്ദേഹം സുവിശേഷത്തില്‍ സജീവമായത്. തന്റെ യൂട്യൂബ് ചാനലില്‍ ഒരു പുതിയ പ്രോജക്റ്റ് റിലീസ് ചെയ്യാനുള്ള തയാറെടുപ്പനിടയിലാണ് മരണം സംഭവിച്ചതെന്ന് ബ്രസീലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.