ഗാസ: ഗാസയില്‍ ആക്രമണം തുടരുന്നതിനിടെ ഹമാസ് നിര്‍മിച്ച അതി വിശാലമായ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ തുരങ്കമാണിത്. ഈറസിലെ അതിര്‍ത്തിക്ക് സമീപമാണ് തുരങ്കം കണ്ടെത്തിയത്. ഇതിന്റെ വീഡിയോയും സൈന്യം പുറത്തു വിട്ടു.
ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ തക്കവണ്ണം വലിപ്പമുള്ളതാണ് ഇതെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ദശലക്ഷക്കണക്കിന് ഡോളര്‍ ഈ തുരങ്കം നിര്‍മിക്കാന്‍ ചെലവായിട്ടുണ്ടാകുമെന്നും നിര്‍മാണത്തിന് വര്‍ഷങ്ങളെടുത്തു കാണുമെന്നും ഇസ്രയേല്‍ പറഞ്ഞു. റെയില്‍ പാത, വൈദ്യുതി, ഡ്രെയിനേജ്, ആശയ വിനിമയ സംവിധാനം എന്നിവയും നാല് കിലോമീറ്ററിലധികം ദൂരമുള്ള ഈ തുരങ്കത്തിലുണ്ട്.
റോസ് ക്രോസിങില്‍ നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ് ഇതിന്റെ പ്രവേശന കവാടം. ഇസ്രയേലി ആശുപത്രികളിലെ ജോലിക്കും ചികിത്സയ്ക്കുമായി ഗാസയില്‍ നിന്നും എത്തുന്നവര്‍ ദിവസേന ഉപയോഗിക്കുന്നത് ഈറസിലൂടെയുള്ള റോഡാണ്.
ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇറാന്‍ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സാമ്പത്തിക പിന്തുണയോടെയാണ് കോടികള്‍ ചിലവഴിച്ചുള്ള ഹമാസിന്റെ തുരങ്ക നിര്‍മാണമെന്ന് നേരത്തേ തന്നെ ഇസ്രയേല്‍ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.