മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ക്രിസ്മസിന് മുന്നോടിയായി നടന്ന ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോ സംസ്ഥാനത്തെ സാല്‍വറ്റിയേറ പട്ടണത്തിലാണ് ആക്രമണം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിസ്മസുമായി ബന്ധപ്പെട്ട ബൈബിളിലെ സംഭവങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന പരിപാടി നടക്കുന്നതിനിടെ സ്ഥലത്തെത്തിയ അക്രമികള്‍ റൈഫിളുകള്‍ ഉപയോഗിച്ച് നൂറുകണക്കിന് വരുന്ന യുവാക്കള്‍ക്ക് നേരെ തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു.
അധോലോക സംഘങ്ങള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന മേഖലയാണ് സെന്‍ട്രല്‍ മെക്‌സിക്കോ. ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയവരെ വേദിക്ക് പുറത്ത് സംഘാടകര്‍ തടഞ്ഞിരുന്നു. ഇതില്‍ അമര്‍ഷം പൂണ്ട സംഘം പുറത്തേക്ക് പോയ ശേഷം ആയുധങ്ങളുമായി തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെല്ലാം യുവാക്കളാണ്. അക്രമികളെ തിരിച്ചറിഞ്ഞതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്വാനജുവാറ്റോയില്‍ നടന്ന സമാനമായ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. ക്രിമിനല്‍ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയയുടെയും ഏറ്റുമുട്ടലുകള്‍ക്ക് കുപ്രസിദ്ധമായ പ്രദേശമാണ് ഗ്വാനജുവാറ്റോ.
അടുത്തിടെ, മെക്‌സിക്കോയില്‍ നിരവധി അക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം അക്രമ സംഭവങ്ങള്‍ വളരെ ഖേദകരമാണെന്നും സാല്‍വറ്റിയേറ മേയര്‍ ജര്‍മ്മന്‍ സെര്‍വാന്റസ് പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം മൊക്‌സിക്കോയില്‍ ഇതുവരെ 3,029 പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.