ചൈനയില്‍ വന്‍ ഭൂകമ്പം: 111 മരണം, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ചൈനയില്‍ വന്‍ ഭൂകമ്പം: 111 മരണം, ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്; രക്ഷാ പ്രവര്‍ത്തനം  തുടരുന്നു

ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 111 പേര്‍ മരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഗാങ്സു പ്രവശ്യയുടെ തലസ്ഥാനമായ ലാന്‍സൊയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഗാങ്സു പ്രവശ്യയില്‍ മാത്രം 100 പേരും ഹൈഡോങില്‍ 11 പേരും മരിച്ചതായാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതുള്‍പ്പടെ വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ നല്‍കുന്ന വിവരം.

ദുരന്തം സംഭവിച്ച മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ആളുകളെ തിരയുന്നതിനും ദുരിതാശ്വാസത്തിനുമായി എല്ലാവിധ പരിശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശിച്ചു.

വടക്കന്‍ ഷാന്‍സി പ്രവശ്യയിലെ ഷിയാനിലും ഭൂചലനം ഉണ്ടായതായി സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 6.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് പല ഗ്രാമങ്ങളിലേക്കുമുള്ള ജല, വൈദ്യുതി വിതരണം മുടങ്ങിയിട്ടുണ്ട്.

ഭൂകമ്പം സംഭവിച്ച ഗാങ്‌സുവിലെ കാലാവസ്ഥയും പ്രതികൂലമാണ്. മൈനസ് 14 ഡിഗ്രിയാണ് പ്രദേശത്തെ തണുപ്പ്. ജല, വൈദ്യുതി വിതരണത്തിന് പുറമെ ആശയവിനിമയ സംവിധാനങ്ങളും തകരാറിലായെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റില്‍ കിഴക്കന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബറില്‍ സിചുവാന്‍ പ്രവശ്യയിലുണ്ടായ ഭൂചലനത്തില്‍ 100 പേരൊളം മരിച്ചിരുന്നു. 6.6 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.

2008 ലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ചൈനയില്‍ 87,000 ത്തിലധികം പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിരുന്നു. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അന്നുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.