വയനാട്ടിലെ നരഭോജി കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി; പരിക്കിന് ചികിത്സ നല്‍കും

വയനാട്ടിലെ നരഭോജി കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി; പരിക്കിന് ചികിത്സ നല്‍കും

തൃശൂര്‍: വയനാട് വാകേരിയില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കടുവയെ നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പരിക്കുള്ളതിനാല്‍ ചികിത്സ നല്‍കിയതിന് ശേഷം കടുവയെ ഐസൊലേഷന്‍ ക്യൂബിലേക്ക് മാറ്റും.

വാകേരി കൂടല്ലൂരില്‍ കര്‍ഷകനെ കൊന്ന കടുവയെ അതീവ സുരക്ഷയോടെയാണ് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിച്ചത്. വയനാട് ജില്ലയിലെ നാലാംമൈല്‍ പച്ചാടിയിലെ വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ ഈ കടുവയെ കൂടി പരിചരിക്കാന്‍ ഇടമില്ലാത്തതിനാലാണ് തൃശൂരിലേക്ക് മാറ്റിയത്. അഞ്ച് കടുവകള്‍ക്ക് സ്വസ്ഥമായി താമസിക്കുന്നതിനുള്ള സൗകര്യമാണ് സംരക്ഷണ കേന്ദ്രത്തിലുള്ളത്. ഇതില്‍ ഏഴ് കടുവകളെയാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.

2022 മുതല്‍ ജില്ലയിലെ വിവിധ ജനവാസ മേഖലകളിലിറങ്ങി ബുദ്ധിമുട്ടുണ്ടാക്കിയ കടുവകളാണ് സംരക്ഷണ കേന്ദ്രത്തിലുള്ളവയെല്ലാം. പുതുശേരിയില്‍ തോമസിനെ കൊന്ന കടുവയും ഇക്കൂട്ടത്തിലുണ്ട്. പ്രായമായവയും മനുഷ്യ വന്യജീവി സംഘര്‍ഷത്തിലോ അല്ലെങ്കില്‍ വനത്തില്‍ നിന്നുതന്നെ ഗുരുതരമായ പരിക്കേറ്റോ പുറന്തള്ളപ്പെട്ടവയാണ് ഈ കടുവകളെല്ലാം തന്നെ. അതിനാല്‍ തന്നെ ഇര തേടുന്നതിനായി വീണ്ടും ജനവാസമേഖലകളിലെത്താനുള്ള സാഹചര്യം പരിഗണിച്ചാണ് ഇവയെ സംരക്ഷണ കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുന്നത്.

അഞ്ച് സെല്ലുകളിലും തീവ്ര പരിചരണം ആവശ്യമായ കടുവകളെ ചികിത്സിക്കുന്നതിനുള്ള രണ്ട് സ്‌ക്യൂസ് കേജുകളിലും ഇപ്പോള്‍ കടുവകളെ പാര്‍പ്പിച്ചിരിക്കുകയാണ്. സ്‌ക്യൂസ് കേജുകളും നിറഞ്ഞിരിക്കുന്നതിനാല്‍ ഇപ്പോള്‍ പിടികൂടിയ കടുവയെ പരിചരിക്കുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കേണ്ടി വരും. കടുവകള്‍ക്ക് വനസമാന വാസസൗകര്യമൊരുക്കിയിട്ടുള്ള നാല് പെഡോക്കുകളും കേന്ദ്രത്തിലുണ്ട്. ശരാശരി 25 മീറ്റര്‍ നീളത്തിലും വീതിയിലുമായി 20 അടിയിലധികം ഉയരത്തില്‍ കമ്പിവല സ്ഥാപിച്ച പുല്‍മേടുകളാണ് പെഡോക്കുകള്‍. സെല്ലുകളില്‍ കഴിയുന്ന കടുവകളെ മാറിമാറി പെഡോക്കുകളിലേക്ക് മാറ്റുകയാണ് പതിവ്.

ജനവാസ മേഖലകളില്‍ കടുവകളുടെ സാന്നിധ്യം സ്ഥിരമായതോടെ കൂടുതല്‍ സെല്ലുകള്‍ സംരക്ഷണ കേന്ദ്രത്തില്‍ ഒരുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ കടുവകളെ എത്തിക്കുന്നതിനൊപ്പം അവയുടെ പരിചരണത്തിനാവശ്യമായ തുകയും ലഭ്യമാകേണ്ടതുണ്ട്. ഓരോ കടുവയ്ക്കും രണ്ട് ദിവസം കൂടുമ്പോള്‍ പത്തുകിലോ വീതം ഇറച്ചി വേണം. ഒരു മാസം ഒരു കടുവയ്ക്ക് ഏതാണ്ട് 60,000 രൂപയുടെ ചെലവുണ്ട്. പുതിയ കൂടുകളും കടുവകളും എത്തിയാല്‍ വലിയ തുക ചെലവാക്കേണ്ടി വരും. ഇതിനെല്ലാം പരിഹാരമായി സംരക്ഷണ കേന്ദ്രത്തില്‍ സഫാരി പാര്‍ക്ക് സ്ഥാപിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.