ആസൂത്രണം ചെയ്തത് രണ്ട് ഭീകരാക്രമണങ്ങള്‍; ഓസ്ട്രേലിയക്കാരുടെ ഉറക്കംകെടുത്തിയ തീവ്രവാദി 20 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായി

ആസൂത്രണം ചെയ്തത് രണ്ട് ഭീകരാക്രമണങ്ങള്‍; ഓസ്ട്രേലിയക്കാരുടെ ഉറക്കംകെടുത്തിയ തീവ്രവാദി 20 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായി

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് 20 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മത നേതാവ് അബ്ദുള്‍ നാസര്‍ ബെന്‍ബ്രിക്ക മോചിതനായി. ഇലക്ട്രോണിക് നിരീക്ഷണം ഉള്‍പ്പെടെ 30ലധികം കര്‍ശന വ്യവസ്ഥകള്‍ക്കു വിധേയനാക്കിയാണ് 60-കാരനായ ബെന്‍ബ്രിക്കയെ വിക്‌ടോറിയയിലെ അതീവ സുരക്ഷയുള്ള ബാര്‍വോണ്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. വിക്ടോറിയന്‍ സുപ്രീം കോടതി എലിസബത്ത് ഹോളിംഗ്വര്‍ത്താണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, ഓസ്ട്രേലിയന്‍ ജനതയുടെ ഉറക്കം കെടുത്തിയ ഏറ്റവും കുപ്രസിദ്ധനായ ഭീകരരില്‍ ഒരാളായ ബെന്‍ബ്രിക്കയെ മോചിപ്പിക്കുന്നതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.

മോചിപ്പിച്ചാലും ഒരു വര്‍ഷത്തേക്ക് കര്‍ശനമായ മേല്‍നോട്ടത്തിനും നിയന്ത്രണങ്ങള്‍ക്കും വിധേയനാക്കുമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഇലക്ട്രോണിക് നിരീക്ഷണം ഏര്‍പ്പെടുത്തും. സഞ്ചാര സ്വാതന്ത്ര്യത്തിനും ആളുകളുമായുള്ള കൂടിക്കാഴ്ച്ചകള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും വിലക്കുണ്ടാകും. അനുമതിയില്ലാതെ വിക്ടോറിയ സംസ്ഥാനത്തിനു പുറത്തേക്കു പോകാനും കഴിയില്ല.

ബെന്‍ബ്രിക്കയ്ക്ക് മനഃശാസ്ത്രപരമായ ചികിത്സ തുടരും. ഒരു ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ പോലീസില്‍ നിന്ന് അനുമതി ലഭിക്കണം. ഇതുകൂടാതെ പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അനുമതിയില്ല. ഇത്തരം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

മോചിതനായ ബെന്‍ബ്രിക്ക ബാര്‍വോണ്‍ ജയിലില്‍ നിന്ന് കറുത്ത കാറില്‍ പുറത്തേക്കു പോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഒപ്പമുണ്ടായിരുന്നു.



അള്‍ജീരിയയില്‍ ജനിച്ച ബെന്‍ബ്രിക്ക 2005 മുതല്‍ ജയിലിലാണ്. മെല്‍ബണിലെ ക്രൗണ്‍ കാസിനോ, മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഓസ്ട്രേലിയക്കാര്‍ക്കെതിരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതിനെതുടര്‍ന്നാണ് ബെന്‍ബ്രിക്ക ജയിലിലാകുന്നത്. ഓസ്‌ട്രേലിയന്‍-അള്‍ജീരിയ പൗരത്വമുണ്ടായിരുന്ന പ്രതിയെ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ജയില്‍ മോചിതനാകുന്നതിന് മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടണ്‍ അദേഹത്തിന്റെ ഓസ്ട്രേലിയന്‍ പൗരത്വം റദ്ദാക്കുകയായിരുന്നു.

ജയില്‍വാസം 2020-ല്‍ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ഇത്തരം തീവ്രവാദികള്‍ സമൂഹത്തിലേക്കിറങ്ങിയാല്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് തിരിച്ചറിഞ്ഞ് മുന്‍ ഫെഡറല്‍ സര്‍ക്കാര്‍ ബെന്‍ബ്രിക്കയുടെ തടങ്കല്‍ മൂന്ന് വര്‍ഷം കൂടി നീട്ടുകയായിരുന്നു. അതേസമയം ബെന്‍ബ്രിക്കയുടെ പൗരത്വം റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അതു പുനസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് ഓസ്‌ട്രേലിയന്‍ മുന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

ബെന്‍ബ്രിക്കയുടെ മോചനത്തെ രൂക്ഷമായി അപലപിച്ച് ആക്ടിംഗ് പ്രതിപക്ഷ നേതാവ് സൂസന്‍ ലി രംഗത്തുവന്നു. സമൂഹത്തിന് ഭീഷണിയായ ബെന്‍ബ്രിക്കയെ ജയിലില്‍ നിലനിര്‍ത്താനുള്ള ഒരു ശ്രമവും സര്‍ക്കാര്‍ നടത്തിയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.