കീവ്: ഒരു വര്‍ഷത്തിലേറെയായിട്ടും അനിശ്ചിതമായി തുടരുന്ന യുദ്ധം മൂലം ഉക്രെയ്ന്‍ ജനത ക്ഷീണിതരാണെന്നും സംഘര്‍ഷം അവസാനിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അവര്‍ കടുത്ത നിരാശയിലാണെന്നും ഉക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്.
ഉക്രെയ്ന്‍ ജനതയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്താനും സഹായം അഭ്യര്‍ത്ഥിച്ചും 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' എന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയുടെ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ആര്‍ച്ചുബിഷപ്പ്.
'ഒരു വര്‍ഷമായി തുടരുന്ന റഷ്യയുടെ ആക്രമണങ്ങള്‍ ഉക്രെയ്‌നിലെ ജനങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആഘാതത്തെ ജനങ്ങള്‍ എങ്ങനെ മറികടക്കുകയും നേരിടുകയും ചെയ്യും എന്നതാണ് പ്രധാന ചോദ്യം. ഉക്രെയ്ന്‍ ജനതയുടെ ഭാവി ഈ ചോദ്യത്തിന്റെ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തെ 80 ശതമാനം ആളുകള്‍ക്കും മാനസികവും ശാരീരികവുമായി മുറിവേറ്റിട്ടുണ്ട്. സഭയിലെ 50 ശതമാനത്തിലധികം വൈദികരും, തങ്ങള്‍ ക്ഷീണിതരാണെന്ന് പറയുന്നു'- കീവിലെ മേജര്‍ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.
ഉക്രെയ്ന്‍ ജനത ഇപ്പോള്‍ ജീവിതത്തിലെ നിരാശയോടും തളര്‍ച്ചയോടുമാണ് യുദ്ധം ചെയ്യുന്നത്. അളവില്ലാത്ത സ്‌നേഹവും മൂല്യങ്ങളും കൊണ്ടു മാത്രമേ ഇതിനെ മറികടക്കാന്‍ സാധിക്കൂ. നാളുകള്‍ കഴിയുന്തോറും, പുതിയ സംഭവങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്ര സമൂഹം ഉക്രെയ്‌നെ മറക്കുമോ എന്ന ആകുലതയും അദ്ദേഹം പങ്കുവച്ചു. ഇത് ജനങ്ങള്‍ക്ക് മാനുഷിക സഹായം ലഭിക്കുന്നതിന് തടസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ശൈത്യകാലത്ത് ഉക്രെയ്ന്‍ ജനത അഭിമുഖീകരിക്കുന്നത് കടുത്ത ദുരിതമാണ്. രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ ഏകദേശം 60% യുദ്ധത്തില്‍ നശിച്ചു. 75% ഉക്രെനിയക്കാരും വൈദ്യുതിക്കായി ജനറേറ്ററുകളെയാണ് ആശ്രയിക്കുന്നത്.
മറുവശത്ത് യുദ്ധം, സമൂഹത്തില്‍ ഭിന്നിപ്പുകളും നീരസവും സൃഷ്ടിച്ചു. കുടുംബങ്ങളിലും സമൂഹത്തിലും വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും സംഘര്‍ഷത്തിലുണ്ടായ വ്യക്തിപരമായ അനുഭവത്തെ ആശ്രയിച്ച്, കുടുംബങ്ങളിലെയും സമൂഹത്തിലെയും വികാരങ്ങള്‍ വ്യത്യാസപ്പെടാം.
മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കുന്നതില്‍ സഹിഷ്ണുതയുടെയും ക്ഷമയുടെയും പ്രാധാന്യം ചൂണ്ടിക്കാണിച്ച ആര്‍ച്ചുബിഷപ്പ്, വിദ്വേഷത്തിന് ആളുകളുടെ ഹൃദയത്തില്‍ വേരൂന്നാന്‍ അവസരം നല്‍കരുതെന്നു പറഞ്ഞു. ഭയവും വെറുപ്പും നമ്മുടെ തീരുമാനങ്ങളെ കീഴടക്കിയാല്‍ നമ്മള്‍ അവയുടെ അടിമകളായി മാറും. ഇപ്പോള്‍ അനുഭവിക്കുന്ന ആക്രമണം കാരണം വെറുപ്പ് തോന്നുക സാധാരണമാണെങ്കിലും, അതിന് കീഴടങ്ങുന്നത് തകര്‍ച്ചയിലേക്കു നയിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കത്തോലിക്കാ സഭയിലെ 24 ഉപസഭകളിലൊന്നാണ് ഉക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭ. 2011 മുതല്‍ ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെ മേജര്‍ ആര്‍ച്ചുബിഷപ്പാണ് അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.