വാഷിംഗ്ടൺ: 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രീം കോടതിയാണ് ട്രംപിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്. 2021 ജനുവരി ആറിലെ കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി.
യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപ് മാറി. എന്നാൽ ഈ വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു.
അതേസമയം പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്‌റ്റേ ചെയ്യുകയും ചെയ്തു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി അഞ്ച് ആണ്. ജനാധിപത്യ വിരുദ്ധം എന്നാണ് കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. “കൊളറാഡോ സുപ്രീം കോടതി തികച്ചും തെറ്റായ തീരുമാനമാണ് പുറപ്പെടുവിച്ചത്. ഞങ്ങൾ ഇതിനെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കും,” ട്രംപ് പറഞ്ഞു. എന്നാൽ വിധിയോട് പ്രതികരിക്കാൻ ജോ ബൈഡൻ വിസമ്മതിച്ചു.
കോടതിയുടെ തീരുമാനം ചരിത്രപരവും നീതിയുക്തവുമാണെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി സംരക്ഷിക്കാൻ ആവശ്യമാണെന്നും ക്രൂ പ്രസിഡന്റ് നോഹ് ബുക്ക്‌ബൈൻഡർ പ്രസ്താവനയിൽ പറഞ്ഞു. 14-ാം അമൻഡ്‌മെന്റിലെ 3-ാം വകുപ്പ് പ്രകാരമാണ് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചത്.
ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. ഭരണഘടനാ ഭേദഗതി യുഎസ് പ്രസിഡന്റുമാർക്ക് ബാധകമല്ലെന്നും അയോഗ്യരാക്കാൻ കോൺഗ്രസ് വോട്ട് ചെയ്യണമെന്നും അഭിഭാഷകൻ വാദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.