ബഹിരാകാശത്ത് 'കോസ്മിക് ക്രിസ്മസ് ട്രീ'; ഭൂമിയില്‍ നിന്ന് 2500 പ്രകാശവര്‍ഷം അകലെയുള്ള ദൃശ്യവിസ്മയം പങ്കിട്ട് നാസ

ബഹിരാകാശത്ത് 'കോസ്മിക് ക്രിസ്മസ് ട്രീ'; ഭൂമിയില്‍ നിന്ന് 2500 പ്രകാശവര്‍ഷം അകലെയുള്ള ദൃശ്യവിസ്മയം പങ്കിട്ട് നാസ

കാലിഫോര്‍ണിയ: ആകാശത്തെ മനോഹരമായ 'ക്രിസ്മസ് ട്രീ'യുടെ ചിത്രം പങ്കുവെച്ച് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ഭൂമിയില്‍ നിന്ന് ഏകദേശം 2500 പ്രകാശവര്‍ഷം അകലെയാണ് ഈ കോസ്മിക് ക്രിസ്മസ് ട്രീയുള്ളത്.

കാഴ്ചയില്‍ ക്രിസ്മസ് ട്രീ പോലെ തോന്നുന്ന എന്‍ജിസി 2264 എന്ന നക്ഷത്ര വ്യൂഹത്തിന്റെ ചിത്രമാണ് നാസ പങ്കുവെച്ചത്. ഒറ്റ നോട്ടത്തില്‍ പച്ച, നീല, വെള്ള എന്നിങ്ങനെ പല നിറങ്ങളിലായി ക്രിസ്മസ് ട്രീ പോലെ തന്നെയാണ് ഈ നക്ഷത്രവ്യൂഹം. ഇതിലെ ചില നക്ഷത്രങ്ങള്‍ താരതമ്യേന വലുതും ചിലത് ചെറുതുമാണ്. അതായത് സൂര്യന്റെ പത്തിലൊന്ന് വലുപ്പമുള്ളത് മുതല്‍ ഏഴിരട്ടി വരെ വലിപ്പമുള്ള നക്ഷത്രങ്ങള്‍ വരെയുണ്ട്.

യുവ നക്ഷത്രങ്ങളാണ് ഈ നക്ഷത്ര വ്യൂഹത്തിലുള്ളത്. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെ ഇടയില്‍ പ്രായമുള്ളവ ആണിവ. കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതും അവസാനത്തോട് അടുക്കുന്നതുമായ മറ്റ് നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനിയും ഒരുപാട് ആയുസുണ്ട് ഈ നക്ഷത്ര കൂട്ടങ്ങള്‍ക്ക്.

വിവിധ ദൂരദര്‍ശിനികളില്‍ നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം സൃഷ്ടിച്ചത്. നീലയും വെള്ളയും നിറത്തിലുള്ള നക്ഷത്രങ്ങള്‍ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്സര്‍വേറ്ററിയിലാണ് പതിഞ്ഞത്. പശ്ചാത്തലത്തിലുള്ള പച്ച നിറം വാതകപടലങ്ങളായ നെബുലയാണ്. ഇത് കിറ്റ് പീക്ക് ഒബ്സര്‍വേറ്ററിയി ഡബ്ല്യുഐവൈഎന്‍ 0.9 മീറ്റര്‍ ദൂരദര്‍ശിനിയിലാണ് പതിഞ്ഞത്. ടു മൈക്രോണ്‍ ഓള്‍ സ്‌കൈ സര്‍വേയില്‍ നിന്നുള്ളതാണ് വെള്ള നക്ഷത്രങ്ങള്‍. ചിത്രം ഏകദേശം 160 ഡിഗ്രി ഘടികാര ദിശയില്‍ തിരിക്കുമ്പോഴാണ് ക്രിസ്മസ് ട്രീ പോലെ തോന്നുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.