ഈ പൂല്‍ക്കൂട്ടില്‍ യുദ്ധക്കെടുതികളുടെ നേര്‍ക്കാഴ്ച്ചകള്‍; യുദ്ധം പ്രമേയമാക്കി പൂല്‍ക്കൂടുകള്‍ ഒരുക്കി ദക്ഷിണ കൊറിയയിലെ കത്തോലിക്കാ ഇടവകകള്‍

ഈ പൂല്‍ക്കൂട്ടില്‍ യുദ്ധക്കെടുതികളുടെ നേര്‍ക്കാഴ്ച്ചകള്‍; യുദ്ധം പ്രമേയമാക്കി പൂല്‍ക്കൂടുകള്‍ ഒരുക്കി ദക്ഷിണ കൊറിയയിലെ കത്തോലിക്കാ ഇടവകകള്‍

സീയൂള്‍: മനുഷ്യസ്‌നേഹികളെ വേട്ടയാടുന്ന രണ്ടു വലിയ യുദ്ധങ്ങളുടെ മധ്യേയാണ് ഇക്കുറി ക്രിസ്മസ് എത്തിയത്. ദുരിതക്കയത്തില്‍ നിന്ന് സഹായത്തിനായി നിലവിളിക്കുന്ന ഉക്രെയ്‌നിലെയും ഗാസയിലെയും ജനങ്ങളുടെ നിലവിളി കേള്‍ക്കാതിരിക്കാന്‍ സമാധാനത്തിന്റെ വക്താക്കള്‍ക്ക് കഴിയില്ല. അതിനാല്‍ തന്നെ ആഘോഷം എന്നതിലുപരി ജീവകാരുണ്യത്തിന്റെ പ്രസക്തി ഓര്‍മിപ്പിക്കുന്ന പുല്‍ക്കൂടുകളാണ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ കത്തോലിക്കാ ഇടവകകള്‍ ഒരുക്കിയത്.

പല രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളെ പ്രമേയമാക്കിയാണ് ഈ ക്രിസ്മസ് കാലത്ത് ഇടവകകള്‍ പുല്‍ക്കൂടുകള്‍ തയ്യാറാക്കിയത്. മിന്നിത്തിളങ്ങുന്ന അലങ്കാരങ്ങള്‍ക്കു പകരം യുദ്ധക്കെടുതികളുടെ നേര്‍ക്കാഴ്ച്ചകളാണ് ഈ പൂല്‍ക്കൂട്ടില്‍ കാണാനാകുക. യുദ്ധത്തെതുടര്‍ന്നുള്ള കഷ്ടപ്പാടുകളെയും ജീവകാരുണ്യത്തെയുംകുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ബൈബിള്‍ വാക്യങ്ങളും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.

'യുദ്ധവും സമാധാനവും, ജീവിതവും മരണവും' എന്ന തലക്കെട്ടിലുള്ള നേറ്റിവിറ്റി സീന്‍ (പുല്‍ക്കൂട്) ഉക്രെയ്‌നിലെയും ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തിന്റെയും ആഘാതത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് മുക്-ഡോംഗ് കത്തോലിക്കാ ദേവാലയത്തിലെ വികാരി ഫാ. സോംഗ് ചാ-സിയോണ്‍ പറഞ്ഞു. ഉക്രെയ്‌നിലും ഗാസയിലും നടക്കുന്ന യുദ്ധത്തില്‍ ഹൃദയം തകര്‍ന്നിരിക്കുന്നവരിലേക്ക് സമാധാനത്തിന്റെ രാജാവായ ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ ഇത് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉണ്ണിയേശുവിന്റെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും രൂപം വച്ചിരിക്കുന്ന തൊഴുത്തിന്റെ ഭിത്തികളും മേല്‍ക്കൂരയും യുദ്ധത്തില്‍ ഭാഗികമായി തകര്‍ന്നിരിക്കുന്നു. പുല്‍ക്കൂടിനു ചുറ്റും തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. ഭക്ഷണമടങ്ങുന്ന ഒരു കുട്ട മറിഞ്ഞ് ചിതറിക്കിടക്കുന്നതും തോക്കുകളും മറ്റ് ആയുധാവശിഷ്ടങ്ങളും വ്യോമാക്രമണത്തില്‍ കരിഞ്ഞുപോയ മരങ്ങളും പുല്‍ക്കൂടിന്റെ സമീപത്തു കാണാം.

എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ഒറ്റ തൂണാണ് പുല്‍ക്കൂടിനെ താങ്ങിനിര്‍ത്തുന്നത്.

അടുത്ത വര്‍ഷം മുതല്‍, ഇടവകാംഗങ്ങള്‍ക്കിടയില്‍ നടത്തുന്ന ഒരു മത്സരത്തിലൂടെ, തിരഞ്ഞെടുത്ത പ്രമേയം ഉപയോഗിച്ച് പുല്‍ക്കൂട് നിര്‍മ്മിക്കാന്‍ ഇടവക പദ്ധതിയിടുന്നതായും സോംഗ് പറഞ്ഞു.

അതേസമയം, സിയോളിലെ ഗ്വാങ്ജാങ്-ഡോങ് ഇടവകയില്‍ ഇടവകക്കാര്‍ എഴുതിയ, പുതിയനിയമത്തില്‍ നിന്നുള്ള 410 ബൈബിള്‍ വാക്യങ്ങള്‍ ഉപയോഗിച്ചാണ് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കിയിരിക്കുന്നത്. ഇത് വിശ്വാസികളെ ബൈബിളിലേക്ക് അടുപ്പിച്ചെന്നാണ് ഇടവകയിലെ പലരുടെയും അഭിപ്രായം. സിയോളിലെ ഉമിയോണ്‍-ഡോങ് ഇടവകയില്‍ വയസായവരെ പരിപാലിക്കുന്ന അഭയകേന്ദ്രത്തെ സഹായിക്കുന്നവരുടെ പേരുകള്‍കൊണ്ടാണ് ക്രിസ്മസിന് 'ഹോപ്പ് ട്രീ' സ്ഥാപിച്ചത്.

ക്രിസ്മസ് ആഘോഷങ്ങളില്‍ സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് ദക്ഷിണ കൊറിയയില്‍ സാധാരണമാണ്. പാരിസ്ഥിതിക ്രപശ്നങ്ങളെയും കാലാവസ്ഥാ പ്രതിസന്ധിയെയുംകുറിച്ച് അവബോധം വളര്‍ത്തുന്നതിനായി കഴിഞ്ഞവര്‍ഷം സിയോള്‍ അതിരൂപത കാട്ടുതീയില്‍നിന്ന് കരിഞ്ഞ ശാഖകളും മരങ്ങളുടെ തടികളുംകൊണ്ട് ക്രിസ്മസ് ട്രീ തയ്യാറാക്കിയിരുന്നു.

2022-ലെ കണക്കു പ്രകാരം ദക്ഷിണ കൊറിയയിലെ ആകെ ജനസംഖ്യയായ 52.6 ദശലക്ഷത്തില്‍ 5.9 ദശലക്ഷം കത്തോലിക്കരാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.