ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം; അവസാന ബന്ധിയെയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍

ഗാസയില്‍ കൂടുതല്‍ മാനുഷിക സഹായമെത്തിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം; അവസാന ബന്ധിയെയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍- ഹമാസ് പോരാട്ടത്തിന്റെ പരിണിത ഫലം ഏറ്റവും രൂക്ഷമായ ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമടക്കമുള്ള കൂടുതല്‍ മാനുഷിക സഹായം എത്തിക്കണമെന്ന് പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി.

യുഎസും റഷ്യയും വിട്ടുനിന്നപ്പോള്‍ 13 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 390 പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. 734 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എന്‍ രക്ഷാസമിതിയെ അഭിസംബോധന ചെയ്ത് വളരെ വികാരനിര്‍ഭരമായ പ്രസംഗമാണ് പാലസ്തീനിയന്‍ അംബാസിഡര്‍ റിയാദ് മന്‍സൂര്‍ നടത്തിയത്.

ഡോക്ടറാകാന്‍ ആഗ്രഹിച്ച പലസ്തീനിയന്‍ പെണ്‍കുട്ടി യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥ വിതുമ്പലോടെ അദ്ദേഹം പറഞ്ഞു തീര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് പിന്നിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കരയുന്നുണ്ടായിരുന്നു. ഇത് യുഎന്നില്‍ അധികം കണ്ടിട്ടില്ലാത്ത വൈകാരിക നിമിഷങ്ങളായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഗാസയില്‍ നിന്ന് ഹമാസിനെ പൂര്‍ണമായും ഒഴിപ്പിക്കാതെ, എല്ലാ ബന്ധികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ഇസ്രയേല്‍, അന്താരാഷ്ട്ര നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ ഗാസയിലേക്കുള്ള മാനുഷിക സഹായമെല്ലാം നിരീക്ഷിക്കുമെന്നും അറിയിച്ചു. ഇസ്രയേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ എക്‌സിലൂടെയാണ് തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.