കണങ്കാലിന് പരിക്ക്; സൂര്യകുമാര്‍ യാദവിന് ഏഴാഴ്ച വിശ്രമം

കണങ്കാലിന് പരിക്ക്; സൂര്യകുമാര്‍ യാദവിന് ഏഴാഴ്ച വിശ്രമം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയായി സൂര്യകുമാര്‍ യാദവിന്റെ പരിക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20 മല്‍സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇന്ത്യയുടെ ടി20 താത്കാലിക നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റത്.

പരിക്ക് അല്‍പം ഗുരുതരമാണെന്നും ഏഴാഴ്ച വിശ്രമം വേണമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സൂര്യകുമാറിന് പങ്കെടുക്കാനാവില്ലെന്ന് ഉറപ്പായി.

ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരായ പരമ്പര. ജനുവരി 11നാണ് പരമ്പര ആരംഭിക്കുന്നത്. ഏകദിന ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നടന്ന രണ്ട് ടി20 പരമ്പരകളിലും സൂര്യകുമാര്‍ ആയിരുന്നു ടീം ഇന്ത്യയെ നയിച്ചത്.

അവസാന ടി20 മല്‍സരത്തില്‍ സെഞ്ചുറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ച സൂര്യകുമാറിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലാണ് പരിക്കേറ്റത്.

ഹര്‍ദിക് പാണ്ഡ്യ കണങ്കാലിന് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് സൂര്യകുമാര്‍ യാദവ് നായകനാകുന്നത്. ഇപ്പോഴും പരിക്കില്‍ നിന്നു പൂര്‍ണമായി മോചിതനായിട്ടില്ലാത്ത പാണ്ഡ്യ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും കളിക്കുമോയെന്ന കാര്യം സംശയനിഴലിലാണ്. താരം പൂര്‍ണ ആരോഗ്യവാനായാല്‍ മാത്രമേ പരമ്പരയില്‍ പങ്കെടുക്കൂ.

അതേ സമയം, ഐപിഎല്‍ 2024 മല്‍സരങ്ങള്‍ക്ക് ശേഷമാണ് ടി20 ലോകകപ്പ് വരുന്നത്. പാണ്ഡ്യയ്ക്കും സൂര്യകുമാറിനും ഫിറ്റ്‌നെസ് തെളിയിക്കാന്‍ ഐപിഎല്‍ 2024 വേദിയായേക്കാം. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് 2024ലെ ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.