തിരുവനന്തപുരം: നവകേരള സദസ് പ്രയാണത്തിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം ആരംഭിച്ചയുടന്‍ പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷം ആരംഭിക്കുകയായിരുന്നു.
പൊലീസ് സമ്മേളന വേദിയിലേക്ക് അടക്കം കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ക്കുള്‍പ്പെടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. കെ.സുധാകരനെയും മറ്റ് ചില നേതാക്കളെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
നവകേരള സദസിന്റെ ബാനറുകള്‍ വ്യാപകമായി നശിപ്പിച്ച പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. ഏറ്റുമുട്ടല്‍ ശക്തമായതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
സ്ത്രീകള്‍ അടക്കമുള്ള നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ജല പീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതിനെ തുടര്‍ന്ന് ചിതറി മാറിയ പ്രവര്‍ത്തകര്‍ വീണ്ടും പൊലീസിന് നേരെ കൂട്ടമായെത്തിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 18 ന് കാസര്‍കോട് നിന്നാരംഭിച്ച നവകേരള സദസ് ഇന്ന് തലസ്ഥാനത്ത് സമാപിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് രാവിലെ ഡിജിപി ഓഫിസിലേക്കു മാര്‍ച്ച് പ്രഖ്യാപിച്ചത്. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
കെപിസിസി ആസ്ഥാനത്തു നിന്നാരംഭിച്ച മാര്‍ച്ചിന് പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.